ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ഞൂറിലേറെ പാസഞ്ചര്‍, മെമു, ഡെമു ട്രെയിനുകള്‍ എക്സ് പ്രസ്സ് ട്രെയിനുകളാക്കി മാറ്റുന്നു. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളെയാണ് എക്സ് പ്രസ്സ് ട്രെയിനുകളാക്കി മാറ്റുന്നത്.
കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ ഇതെന്ന് വ്യക്തമല്ല. ഒരുപക്ഷെ പാസഞ്ചറുകള്‍ എന്നന്നേക്കുമായി നിര്‍ത്താനുള്ള നീക്കമായും ഇത് മാറും. എക്സ് പ്രസ്സ് ട്രെയിനുകളിലൂടെ റെയില്‍വേയുടെ വരുമാനവും വര്‍ധിക്കും. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ റെയില്‍വേ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാസഞ്ചറുകള്‍ എക്സ് പ്രസ്സുകളാക്കി മാറ്റുമ്പോള്‍ നിരക്കുകൂടും. ഒട്ടേറെ സ്റ്റേഷനുകള്‍ ഇല്ലാതാവും. റെയില്‍വേക്ക് പാസഞ്ചറുകള്‍ ലാഭകരമല്ല. ചെറിയ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവും കൂടുതലാണ്. ലോക്കല്‍ ട്രെയിനുകളിലൊന്നും ഇപ്പോള്‍ റിസര്‍വേഷന്‍ കോച്ചുകളില്ല. എക്സ് പ്രസ്സുകളില്‍ റിസര്‍വേഷന്‍ കോച്ചുകളുണ്ടാവും.