കോഴിക്കോട് : പാസഞ്ചര്‍ ട്രെയിനും എക്സ്പ്രസ് ട്രെയിനുകളിലെ റിസര്‍വേഷന്‍ ഇല്ലാത്ത കോച്ചുകളും ഒക്ടോബര്‍ ആദ്യവാരം പുനരാരംഭിച്ചേക്കും. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെയാണ് ട്രെയിന്‍ ഗതാഗതവും സാധാരണ നിലയിലാകുന്നത്. ജനജീവിതവും ഓഫീസ് പ്രവര്‍ത്തനവും പതിവുരീതിയിലായതോടെ പാസഞ്ചര്‍ ട്രെയിനും സാദാ കോച്ചുകളും ഇല്ലാത്തത് യാത്രാദുരിതം വര്‍ധിപ്പിക്കുന്നുണ്ട്. അധിക നിരക്കും ബുക്കിങ് ചാര്‍ജുമടക്കം നല്‍കിയാണ് അത്യാവശ്യക്കാര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. സീസണ്‍ ടിക്കറ്റും ലഭ്യമല്ല.
ദീര്‍ഘ യാത്രക്കും ബസ്സുകളെ ആശ്രയിക്കേണ്ടിവരുന്നു. ട്രെയിനുകള്‍ പതിവുരീതിയില്‍ ഓടിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ ബുധനാഴ്ച റെയില്‍വേ മേലധികാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. പഴയ നിലയിലും നിരക്കിലും ട്രെയിനുകള്‍ ഓടിക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഗതാഗത, ആരോഗ്യവകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും.
രണ്ടുവര്‍ഷമായി ട്രെയിനുകള്‍ പ്രത്യേക സര്‍വീസായാണ് ഓടുന്നത്. പതിവുരീതിയിലേക്ക് മാറ്റണമെങ്കില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുകയും സര്‍വീസ് പഴയനിലയിലാക്കണമെന്ന് ആവശ്യപ്പെടുകയും വേണം. ഇതിനുള്ള തീരുമാനവും യോഗത്തിലെടുക്കും. സര്‍വീസ് സുഗമമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടുനിന്ന് പാലക്കാട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ബസ്സുകളില്‍ യാത്രചെയ്യുന്നവരുടെ കണക്കെടുക്കല്‍ റെയില്‍വേ ആരംഭിച്ചു.