കണ്ണൂര്‍/മംഗളൂരു : നഷ്ടത്തിലേക്ക് കുതിക്കുന്ന മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിര്‍ത്താന്‍ ആലോചന. മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റര്‍സിറ്റിയും ആളില്ലാതെ നിര്‍ത്തലാക്കിയിരുന്നതാണ്. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബര്‍ 30-നാണ് ഓട്ടം തുടങ്ങിയത്. പക്ഷെ വെറും ശരാശരി 30 ശതമാനം മാത്രമാണ് യാത്രക്കാര്‍.
നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റര്‍)ചെയര്‍കാറില്‍ 1330 രൂപയും എക്‌സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ്. യഥാര്‍ഥ കിലോമീറ്റര്‍ പ്രകാരം (318 കിലോമീറ്റര്‍) ചെയര്‍കാറിന് 805 രൂപയും എക്‌സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച് യാത്രക്കാരില്‍നിന്ന് അധികതുക ഈടാക്കുകയാണ്.