ന്യൂഡല്‍ഹി : ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനം നടത്തി. പുതുതായി എട്ട് വിമാന സർവീസുകൾ നടത്താനാണ് നീക്കം. സെപ്തംബർ ആദ്യവാരം മുതൽ റൂട്ടുകളിൽ സർവീസ് നടത്തും. ആഭ്യന്തര വിമാന സർവീസുകളാണ് ആരംഭിക്കുന്നത്. ഡെഹ്റാഡൂൺ, ഇൻഡോർ, ലഖ്നൗ വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് വിമാന സർവീസുകൾ. ദില്ലി – ലഖ്നൗ, ലഖ്‌നൗ – ജയ്പൂർ, ഇൻഡോർ – ലഖ്‌നൗ എന്നീ റൂട്ടുകളിലെ സർവീസ് സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരും. ദില്ലിയെയും ഡെഹ്റാഡൂണിനെയും ബന്ധിപ്പിക്കുന്ന സർവീസ് സെപ്തംബർ അഞ്ച് മുതലാണ് ആരംഭിക്കുക.
ഈ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഇന്റിഗോയുടെ തീരുമാനം. വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നത് മാത്രമല്ല ഇതിന് കാരണം. ദില്ലി, ലഖ്‌നൗ, ജെയ്പൂർ, ഡെഹ്റാഡൂൺ, ഇൻഡോർ എന്നിവിടങ്ങളിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യത്തിന് ഒരു പരിഹാരവുമാകും കമ്പനിയുടെ തീരുമാനമെന്ന് ഇന്റിഗോയുടെ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യു ഓഫീസറായ സഞ്ജയ് കുമാർ പറഞ്ഞു.