തിരുവനന്തപുരം: 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും പാസ്പോര്‍ട്ടിന് ഇനി പോലീസ് പരിശോധന നിര്‍ബന്ധം. പാസ്പോര്‍ട്ട് ലഭിക്കേണ്ട കുട്ടിയോ അപേക്ഷ നല്‍കിയ മാതാപിതാക്കളോ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കേണ്ടത്.
മാതാപിതാക്കള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പൗരത്വം ഉറപ്പുവരുത്തി പാസ്പോര്‍ട്ട് നല്‍കിയിരുന്ന രീതി പോരെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേരളത്തില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പോലീസ് പാസ്പോര്‍ട്ട് പരിശോധന നടത്തുന്നത്. കുട്ടികള്‍ക്കുകൂടി പരിശോധന ബാധകമാക്കുമ്പോള്‍ ഇതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പോലീസിനു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം തത്കാല്‍ പാസ്പോര്‍ട്ടിനു പോലീസ് പരിശോധന ആവശ്യമില്ല. അതിനു ജനന സര്‍ട്ടിഫിക്കറ്റും 2 ഔദ്യോഗിക രേഖകളും ഹാജരാക്കണം. 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഭൂരിഭാഗത്തിനും ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ തത്കാല്‍ പാസ്പോര്‍ട്ടിനും അപേക്ഷിക്കാനാകില്ല.