പത്തനംതിട്ട: എൽഡിഎഫ് സീറ്റുവിഭജനത്തിൽ കേരള കോൺഗ്രസ് -എം ജോസ് വിഭാഗത്തിന് ജില്ലയിൽ അവഗണന നേരിട്ടതായി ഒരുവിഭാഗം നേതാക്കൾ. ജില്ലാ പഞ്ചായത്തിൽ പുളിക്കീഴ്, റാന്നി, ഇലന്തൂർ, ഏനാത്ത്, മലയാലപ്പുഴ, പ്രമാടം എന്നീ സീറ്റുകളിൽ അഞ്ചെണ്ണം കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല കോന്നി പഞ്ചായത്തിലെ രണ്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയുടെ മകനെ മലയാലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയായി മത്സരിപ്പിക്കുകയാണ്.
കേരള കോൺഗ്രസിന്റെ ജില്ലയിലെ ശക്തി തിരിച്ചറിഞ്ഞു കൊണ്ടുള്ള സീറ്റു വിഭജനമല്ല ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. യുഡിഎഫിലായിരുന്നപ്പോൾ കോഴഞ്ചേരി പഞ്ചായത്തിൽ ആറ് സീറ്റിൽ മത്സരിച്ചിരുന്നത് ഇപ്പോൾ രണ്ടായി കുറഞ്ഞു.
അടൂർ നിയോജ മണ്ഡലം പ്രസിഡന്റ് മുൻ കാലത്തു മത്സരിച്ചു വിജയിച്ച നഗരസഭയിലെ 26 -ാം വാർഡ് ഇപ്പോൾ വിട്ടു നൽകാൻ തയാറില്ലെന്നാണ് സിപിഎം നിലപാട്.
യുഡിഎഫിൽ അഞ്ച് സീറ്റിൽ നഗരസഭയിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മിന് മൂന്ന് സീറ്റ് ആണ് അനുവദിച്ചിരിക്കുന്നത്.
കൊടുമൺ പഞ്ചായത്തിൽ യുഡിഎഫിൽ മത്സരിച്ചു വിജയിച്ചിട്ടുള്ള രണ്ടാം വാർഡും നിഷേധിച്ചു. എഴംകുളം പഞ്ചായത്തിലെ 12-ാം വാർഡ് യുഡിഎഫിൽ വിജയിച്ച വാർഡിന് പകരം ഒമ്പതാം വാർഡാണ് അനുവദിച്ചിരിക്കുന്നത്. പള്ളിക്കൽ പഞ്ചായത്തിൽ 17-ാം വാർഡ് അനുവദിച്ചിട്ടും സിപിഎം സ്ഥാനാർഥി മത്സരരംഗത്തെത്തുമെന്ന് പറയുന്നു. പന്തളം നഗരസഭയിൽ യുഡിഎഫിൽ ഒരു സീറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ ആവശ്യപ്പെടുന്ന സീറ്റ് തരുന്നില്ല.
ഏറത്ത്, പന്തളം തെക്കേക്കര പഞ്ചായത്തുകളിൽ ഇതേവരെ സീറ്റ് ഇല്ല. തുമ്പമൺ, പഞ്ചായത്തിൽ ഒരു സീറ്റും പന്തളം ബ്ലോക്കിൽ ഒരു സീറ്റും നൽകിയിട്ടുണ്ട്. കോന്നി നിയോജക മണ്ഡലത്തിൽ കലഞ്ഞൂരിൽ ഉണ്ടായിരുന്ന സീറ്റും നിഷേധിച്ചു.
അരുവാപ്പുലം, പ്രമാടം, കോന്നി, ചിറ്റാർ പഞ്ചായത്തുകളിൽ ആവശ്യപ്പെടാത്ത സീറ്റുകൾ നൽകുകയും സിപിഎം പ്രവർത്തകരെ സ്ഥാനാർഥികളാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. തുടങ്ങിയ ആരോപണകള് ഉന്നയിച്ചു സംസ്ഥാന കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിൽ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ, അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേൽ എന്നിവരാണ് സീറ്റുവിഭജനത്തിലെ അസംതൃപ്തി അറിയിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് കത്തു നൽകിയത്.