പത്തനംതിട്ട : കോവിഡ് വ്യാപന ഭീതിയെ തുടർന്ന് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞത് സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികളെയും ബാധിച്ചു.
അടവികുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരക്കില്ലാത്തതിനാൽ വഞ്ചികൾ പലതും നീറ്റിലിറക്കുന്നില്ല. വെയിലും മഴയുമേറ്റ കുട്ടവഞ്ചികൾ പലതും നാശത്തിൻ്റെ വക്കിലാണിപ്പോൾ. ഇരുപത്തിയേഴ് കുട്ടവഞ്ചികളാണ് കർണ്ണാടകയിലെ ഹൊഗെനക്കലിൽ നിന്നും അടവികുട്ടവഞ്ചി സാവരികേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്കായി എത്തിച്ചത്. ഹൊഗെനക്കലിൽ നിന്നും എത്തിക്കുന്ന കുട്ടവഞ്ചികൾ ടാർ തേച്ചു ബലപ്പെടുത്തിയതിന് ശേഷമാണ് സവാരിക്കായി ഉപയോഗിക്കുക. എന്നാൽ ഉപയോഗിക്കാതെ വച്ചിരുന്ന കുട്ടവഞ്ചികൾ പലതും ഇപ്പോൾ പൊടിഞ്ഞു തുടങ്ങിയിരിക്കുകയാണ്.
ആറ് കുട്ടവഞ്ചികൾ മാത്രമാണ് ഇപ്പോൾ ഉപയോഗപ്രദമായിട്ടുള്ളത്. അതും കുട്ടവഞ്ചി തൊഴിലാളികൾ തന്നെ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചുപോകുന്നത് കൊണ്ടാണ് അവയ്ക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കുന്നത്. വക്കുകൾ ഒടിഞ്ഞുതുടങ്ങിയ കുട്ടവഞ്ചികൾ തൊഴിലാളികൾ തന്നെ വള്ളി ഇട്ട് കെട്ടി ബലപ്പെടുത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരു വർഷത്തോളമായി നിലവിലുള്ള കുട്ടവഞ്ചികൾ എത്തിച്ചിട്ട്. കാലാവധി കഴിഞ്ഞ കുട്ടവഞ്ചികൾ മാറ്റി പുതിയത് എത്തിക്കുവാനും അധികൃതർ തയ്യാറായിട്ടില്ല.
കുട്ടവഞ്ചികൾ ശരിയായ രീതിയിൽ സംരക്ഷിക്കുവാൻ കഴിയാതിരുന്നതും വഞ്ചികളുടെ നാശത്തിന് കാരണമായിട്ടുണ്ട്. നിലവിൽ കുട്ടവഞ്ചിയിൽ വരുന്ന വിനോദ സഞ്ചാരികളെയും ജീർണാവസ്ഥയിലായ കുട്ടവഞ്ചിയിലാണ് സവാരി നടത്തുന്നതും. കുട്ടവഞ്ചികളുടെ വക്കുകൾ കാലപ്പഴക്കത്താൽ പൊടിഞ്ഞുതുടങ്ങിക്കഴിഞ്ഞാൽ യാത്രക്കാർ കയറുമ്പോൾ ഭാരം താങ്ങാനാകാതെ സവാരിക്കിടയിൽ കുട്ടവഞ്ചികൾ ഒടിഞ്ഞ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെയാണ്. അതിനാൽ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് അടവിയിലെ കുട്ടവഞ്ചി തൊഴിലാളികളുടെ ആവശ്യം.