അടൂര്‍: മൈനസ് ബില്ലിങ് സമ്പ്രദായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് റേഷന്‍ വിതരണത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നടപടികളുമായി ജില്ലാ ഭക്ഷ്യ വിതരണ വകുപ്പ് അധികൃതര്‍. മാസാന്ത്യത്തിലേക്ക് കടന്നിട്ടും നീല, വെള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം ചെയ്‌തില്ലെന്ന വാർത്ത പുറത്തുവന്നതിനേ തുടർന്ന് സംഭവം വിവാദമായതോടെ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ പി.ബി.മോഹന്‍ കുമാര്‍ താലൂക്ക് സപ്ലൈ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു.
നവംബര്‍ മാസത്തെ ഭക്ഷ്യ വിഹിതത്തില്‍ നിന്ന് മുന്‍കൂറായി എടുത്ത് ഒക്‌ടോബര്‍ മാസത്തെ പ്രതിസന്ധി പരിഹരിക്കും. കൂടാതെ ഡിസംബര്‍ മാസം താലൂക്കിന് അധികം റേഷന്‍ വിഹിതം ലഭ്യമാക്കി പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമവും നടന്നു വരുന്നു. താലൂക്കിലെ റേഷന്‍ വിതരണത്തില്‍ ഇപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ 100 ലോഡ് അരിയെങ്കിലും ആവശ്യമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നീല കാര്‍ഡിന് കുത്തരി, പച്ചരി, ചാക്കരി എന്നിവയും വെള്ള കാര്‍ഡിന് കുത്തരിയും പച്ചരിയുമാണ് ലഭ്യമാക്കേണ്ടത്. ആകെയുള്ള കാര്‍ഡ് ഉടമകളുടെ എണ്ണത്തില്‍ 65 ശതമാനം പേര്‍ നീലയും വെള്ളയുമാണ്. താലൂക്കില്‍ ഏകദേശം 58000 നീല, വെളള കാര്‍ഡ് ഉടമകളാണുള്ളത്. റേഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സാധനം വാങ്ങാനെത്തുന്ന നീല, വെള്ള കാര്‍ഡുടമകളും വ്യാപാരികളും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.