ചന്ദനപ്പള്ളി : റോഡിന്റെയും പാലത്തിന്റെയും നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങുന്നതു മൂലം യാത്രക്കാർ ദുരിതത്തിൽ. ആനയടി – കൂടൽ റോഡിന്റെ നിർമാണം ആണ് മന്ദഗതിയിൽ നടക്കുന്നത്. വലിയ പള്ളിക്ക് സമീപമുള്ള പാലവും പുതുക്കി പണിയേണ്ട കാലം അതിക്രമിച്ചു. 1945–ൽ പണിത പാലത്തിന് വീതി നന്നേ കുറവാണ്. പാലത്തിന്റെ ഇരു ഭാഗത്തും വാഹനങ്ങൾ വന്നിടിച്ച് സ്ഥിരം അപകടങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ പാലത്തിന്റെ അരികിൽ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
ജംക്‌ഷൻ മുതൽ വലിയ പള്ളി ഭാഗം വരെ 3 കലുങ്കുകൾ ആണ് പുനർ നിർമിക്കുന്നത്. ഈ ഭാഗങ്ങളിൽ റോഡിന്റെ ഒരു വശം വെട്ടി പൊളിച്ച് ഇട്ടിരിക്കുകയാണ്. ഒരു സൈഡിൽ കൂടി മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മണ്ണ് ഇളക്കി ഇട്ട ഭാഗത്ത് പൊടിശല്യവും രൂക്ഷമാണ്.