പത്തനംതിട്ട : പത്തനംതിട്ട കുടപ്പനയിലെ യുവ വ്യവസായിയുടെ മരണത്തിൽ വനം വകുപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഭർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് മരിച്ച മത്തായിയുടെ ഭാര്യ ഷീബ ആരോപിച്ചു.
കുറ്റക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഉന്നതർക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം. റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിൻ്റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാനായി വനം വകുപ്പ് വീട്ടിൽ നിന്ന് കൂട്ടികൊണ്ട് പോയത്. മണിക്കുറുകൾക്കുള്ളിൽ മത്തായിയെ വീടിനോട് ചേർന്നുള്ള ഫാമിന് സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കാനുള്ള പ്രധാന കാരണം.
കേസ് ഒതുക്കി തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തുകയാണെന്നും മത്തായിയെ കേസിൽ നിന്നു ഒഴിവാക്കാൻ വനം വകുപ്പ് എഴുപത്തി അയ്യായിരം രൂപ ചോദിച്ചതായും ഇതിന് തെളിവായി ഓഡിയോ ക്ലിപ്പ് കയ്യിലുണ്ടെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.
സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിനു വനം വകുപ്പ് മന്ത്രി കെ രാജു ഉത്തരവിട്ടു. എ സി സി എഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റാരോപിതരായ ഏഴു ഉദ്യോഗസ്ഥരെയും സ്റ്റേഷൻ ഡ്യൂട്ടികളിൽ നിന്ന് നീക്കി. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധനയും നടത്തി. ജില്ലാ പോലീസ് മേധാവിയും സംഭവ സ്ഥലം സന്ദർശിച്ചു. ഒറ്റപ്പെട്ട ഈ സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ പറഞ്ഞു. അതേസമയം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെ തീരുമാനം.