പത്തനംതിട്ട: പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻവശം തകർത്തുവെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘം വെടിയുണ്ട കണ്ടെത്തി. കാതോലിക്കേറ്റ് കോളജ് അധ്യാപകനായ സുനിൽ കുമാറിന്റെ പ്രമാടത്തെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലാണ് വെടിയുണ്ട തറഞ്ഞിരുന്നത്.
ഒരു ദ്വാരം മാത്രമാണ് പുറമേ കാണാനുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് സുനിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഉള്ളിലേക്ക് തറഞ്ഞു കയറിയ വെടിയുണ്ട കണ്ടെത്തിയത്.
സുനിലിന്റെ കുടുംബവും ബന്ധുക്കളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജരാണ് സുനിലിന്റെ പിതാവ് രവീന്ദ്രൻ പിള്ള. ഇദ്ദേഹത്തിന്റെ സഹോദരൻ ഗോപിനാഥപിള്ളയുടെ മക്കളായ രാജേഷ്, സതീഷ് എന്നിവർ സ്കൂളിന്റെ ഉടമസ്ഥാവകാശമുന്നയിച്ച് രവീന്ദ്രൻ പിള്ളയുമായി തർക്കം നിലനിന്നിരുന്നതായി പറയുന്നു. വിദേശത്തുള്ള സതീഷ് രവീന്ദ്രൻ പിള്ളയെ വാട്സാപ്പിലൂടെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കാറിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.