പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി അമൃതശ്രീ വി.പിള്ള തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞവർഷത്തെ ആഘോഷത്തിൽ അമൃതശ്രീ കുട്ടികളുടെ പ്രധാനമന്ത്രിയായി ജില്ലയുടെ അഭിമാനമായിരുന്നു.
ജില്ലാതലത്തിൽ യു.പി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് പ്രസിഡന്റാകാൻ യോഗ്യതനേടിയത്. ശിശുദിനമായ 14ന് ജില്ലാ കളക്ടർ പി.ബി നൂഹിന്റെ സാന്നിധ്യത്തിൽ ചേരുന്ന ശിശുദിന ആഘോഷത്തിൽ പ്രസിഡന്റ് അമൃതശ്രീ അദ്ധ്യക്ഷയാകും.
തുടർച്ചയായി മൂന്നാം തവണയാണ് അമൃതശ്രീ പ്രസംഗത്തിൽ ഒന്നാമത് എത്തുന്നത്. തിരുവല്ല ദേവസ്വം ബോർഡ് എച്ച്.എസ്.എസ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഈ സ്‌കൂളിലെ അദ്ധ്യാപിക ശ്രീലേഖ കുറുപ്പിന്റെയും മാധ്യമ പ്രവർത്തകനായ തെള്ളിയൂർക്കാവ് മാവിലേത്ത് എം.കെ.വിനോദ് കുമാറിന്റെയും മകളാണ്.