പമ്പ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2025 ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാനത്ത് നടക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ശബരിമലയിലും ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പത്തനംതിട്ട ശുചിത്വ മിഷൻ. പമ്പാ ഗണപതി കോവിലിൽ ബോധവൽക്കരണ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ശബരിമല എഡിഎം ഡോ അരുൺ എസ് നായർ ഐഎഎസ് പോസ്റ്റർ പ്രകാശനത്തോടെ നിർവഹിച്ചു. ഉദ്ഘാടന ശേഷം പമ്പാ സ്നാനഘട്ടത്തിൽ വലിച്ചെറിയൽ വിരുദ്ധ സന്ദേശമുയർത്തി ശുചിത്വ മിഷൻ ഗ്രീൻ ഗാർഡ്സ് ബോധവൽക്കരണ പ്രവർത്തനങ്ങളിലേർപ്പെട്ടു. വസ്ത്രങ്ങൾ പമ്പാ നദിയിൽ വലിച്ചെറിയരുതെന്നും പ്ലാസ്റ്റിക് മാലിന്യം ബിന്നുകളിൽ മാത്രം നിക്ഷേപിക്കണമെന്നും തീർത്ഥാടകരെ ഗ്രീൻ ഗാർഡ്സ് ബോധവൽക്കരണം നടത്തി. ഇത് സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷൻ പ്രത്യേകമായി തയ്യാറാക്കിയ പോക്കറ്റ് കാർഡുകൾ തീർത്ഥാടകർക്ക് ഗ്രീൻ ഗാർഡ്സ് വിതരണം ചെയ്തു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ആറ് ഭാഷകളിൽ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തീർത്ഥാടകർക്ക് വിതരണം ചെയ്യാനായി ജില്ലാ ശുചിത്വ മിഷൻ ഐഇസി വിഭാഗം പോക്കറ്റ് കാർഡുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഇതിനൊപ്പം ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ ശബരിമല തീർത്ഥാടകർക്കായി തുണി സഞ്ചികളും വിതരണം ചെയ്തു. ശുചിത്വ മിഷൻ മുന്നോട്ട് വയ്ക്കുന്ന ശബരിമലയ്ക്കായുളള ശുചിത്വ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്ന തുണിസഞ്ചികൾ. തുണിസഞ്ചികളിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അയ്യപ്പ ഭക്തകർക്ക് ശബരിമലയെക്കുറിച്ച് അടുത്തറിയാനും ക്ഷേത്രത്തിലെ വഴിപാട്, പൂജാസമയം തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയുവാനായി തയ്യാറാക്കിയിട്ടുളള സ്വാമി എഐ ചാറ്റ്ബോട്ടിന്റെ ക്യൂ ആർ കോഡ് കൂടി പ്രിന്റ് ചെയ്ത് നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെയും പോക്കറ്റ് കാർഡുകളുടെയും വിതരണം വരും ദിവസങ്ങളിൽ നിലയ്ക്കലിൽ തയ്യാറാക്കിയിരിക്കുന്ന കീയോസ്കുകളിലൂടെ തുടരും.
ശുചിത്വ മിഷൻ ശബരിമലയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുളള ഐഇസി അസറ്റുകളുടെ ഓഡിറ്റിംഗും ഇതിനൊപ്പം നടന്നു. പാഴ്വസ്തുക്കളും മാലിന്യവും വലിച്ചെറിയുന്നതിനെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിനും വലിച്ചെറിയൽ സംസ്കാരത്തിനെതിരെ ബോധവൽക്കരണം നടത്തുകയുമാണ് ഈ ക്യാമ്പയിനിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. വാരാചരണത്തിന്റെ ഭാഗമായി വലിച്ചെറിയൽ ഒരു മോശം സ്വഭാവമാണെന്ന പൊതുബോധം സൃഷ്ടിക്കുകയാണ് പത്തനംതിട്ട ശുചിത്വ മിഷന്റെ ലക്ഷ്യം. വലിച്ചെറിയൽ വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന പ്രവർത്തനങ്ങളെ ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ് അഭിനന്ദിച്ചു. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അനൂപ് ശിവശങ്കരപ്പിള്ളയായിരുന്നു ഇവന്റിന്റെ ചാർജ്ജ് ഓഫീസർ.