പത്തനംതിട്ട : ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാ തലത്തിലുമുള്ള ജംബോ കമ്മിറ്റികളും പിരിച്ചുവിടണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂര്‍ ജ്യോതി പ്രസാദ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. സംഘടനാ തലത്തില്‍ സംസ്ഥാനത്തും ജില്ലയിലും സമഗ്രമായ അഴിച്ചുപണിക്ക് നേതൃത്വം തയ്യാറാകണം. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണമായ ഉത്തരവാദിത്വവും ധാര്‍മ്മികതയും ഏറ്റെടുക്കേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാപരമായ വീഴ്ചകളും ദൗര്‍ബല്യങ്ങളുമാണ് സംസ്ഥാന തലത്തിലും പത്തനംതിട്ട ജില്ലയിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ദയനീയമായ പരാജയത്തിന് വഴിവെച്ചത്. ജനവിരുദ്ധത മുഖമുദ്രയാക്കിയ അഴിമതി സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് നിരന്തരം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സംഘടനാപരമായ പിന്തുണ നല്‍കാത്തതും താഴെ തട്ടിലേക്ക് ആരോപണങ്ങള്‍ എത്തിക്കാത്തതും പരാജയത്തിന് ആക്കം കൂട്ടി. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരിക്കുമ്പോള്‍ പത്തുവര്‍ഷത്തോളം കെപിസിസി പ്രസിഡണ്ട് ആയിരുന്ന രമേശ് ചെന്നിത്തല നല്‍കിയ പിന്തുണയും സംഘടന ചലനങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല എന്നുള്ളത് ഗൗരവതരമായി വിലയിരുത്തേണ്ടതാണ്.
തെരഞ്ഞെടുപ്പ് പരാജയത്തിന് പേരില്‍ പ്രതിപക്ഷ നേതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കളും സോഷ്യല്‍മീഡിയ പോരാളികളും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ ബഹുജനമധ്യത്തില്‍ എത്തിക്കുന്നതില്‍ പരാജയമായിരുന്നു . പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരേണ്ടത് അനിവാര്യമാണെന്നും ജ്യോതി പ്രസാദ് പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ ആറന്മുള റാന്നി കോന്നി അസംബ്ലി മണ്ഡലങ്ങളില്‍ ചില നേതാക്കന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചകള്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണ വിധേയമാക്കണം. അടൂരില്‍ ഊര്‍ജ്ജസ്വലനായ യുവ നേതാവിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ഉണ്ടാക്കിയ ഉന്മേഷം ഊര്‍ജ്ജം പകരുന്നതായിരുന്നു എന്നും ജ്യോതി പ്രസാദ് പറഞ്ഞു.