പത്തനംതിട്ട : കഴിഞ്ഞ എട്ടിന് കോവിഡ് സ്‌ഥിരീകരിച്ച സി.പി.എം ഏരിയാ കമ്മറ്റിയംഗത്തിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും.
സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തിന് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. പാർട്ടി ഓഫീസിൽ നടന്ന യോഗത്തിലുൾപ്പടെ ഇയാൾ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ഇയാളുമായി പ്രൈമറി കോൺടാക്ട് ലിസ്റ്റിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗത്തിനാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട കുമ്പഴ മത്സ്യ ഹോൾസെയിൽ മാർക്കറ്റിലെ വ്യാപാരിയും കുമ്പഴ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ഏരിയ കമ്മിറ്റി അംഗത്തിന് എങ്ങനെയാണ് രോഗം ഉണ്ടായതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പാർട്ടി പരിപാടികളിൽ ഉൾപ്പടെ നിരവധിയാളുകളുമായിട്ട് ഇയാൾ സമ്പർക്കത്തിലേർപ്പെടുകയും
ജില്ലയിലെ സി.പി.ഐ(എം)ന്റെ മുതിർന്ന നേതാക്കളുമായി ഇടപഴകുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ആശങ്കയിലാണ്. പത്തനംതിട്ടയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ട്രിപ്പിൾ ലോക്ക് ഡൗൺ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.