അടൂര്‍ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിൽ ജില്ലാ അതിർത്തിയായ ഏനാത്ത് ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളായ ഏനാത്ത്, കിളി വയൽ, അടൂർ, പറന്തൽ, പന്തളം, കുളനട, പരുമല, തിരുവല്ല, ഇടിഞ്ഞില്ലം എന്നിവിടങ്ങളിൽ രാത്രി വെളുക്കുവോളം മണിക്കൂറുകൾ കാത്തു നിന്ന് പതിനായിരങ്ങളാണ് പ്രീയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരി, കോട്ടയം വഴി പുതുപ്പള്ളിയിലെ തറവാട്ടുവീടായ കരോട്ടുവള്ളക്കാലിൽ വീട്ടിൽ എത്തിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് മൂന്നു മണിയോടെ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കരിക്കും.
ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. എ.ഐ.സി.സി, കെ.പി സി.സി നേതാക്കൾ, മന്ത്രിമാർ, മത, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ, മറ്റ് ജനപ്രതിനിധികൾ അടക്കം വൻ ജനാവലി പങ്കെടുക്കും.