പത്തനംതിട്ട: അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ വില്ലേജിലെ റീ സര്‍വേ 341/6 ല്‍പെട്ട സ്ഥലത്ത് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറി പദ്ധതി നടത്തുന്നതിനുള്ള അനുവാദം നല്‍കുന്നതിനുള്ള നീക്കം നടക്കുന്നതായും ഇതിനെ പത്തനംതിട്ട ഡിസിസി എതിര്‍ക്കുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ചുള്ള പബ്ലിക്ക് നോട്ടീസ് ഇതുസംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇറക്കികഴിഞ്ഞു.
അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിനേക്കാള്‍ മുമ്പില്‍ തങ്ങളാണെന്ന് പിണറായി സര്‍ക്കാര്‍ ഇതിലൂടെ തെളിയിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പിനു കലഞ്ഞൂരില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുവാദം നല്കുന്നതിനു മുന്നോടിയായിട്ടുള്ള നടപടിക്രമമാണ് ഈ പബ്ലിക് നോട്ടീസ്.
കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ തന്നെ കടുത്ത ഭൂതല, വായു, ജല, ശബ്ദ, ജൈവ ആഘാതങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്നതാണ്. ഇതുകൂടാതെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനു കൂടി ക്വാറി നടത്താന്‍ അവസരം നല്കിയാല് അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതം ജില്ലയ്ക്കു താങ്ങാന്‍ കഴിയുന്നതല്ലെന്ന് ബാബു ജോര്‍ജ് പറഞ്ഞു. കലഞ്ഞൂര്‍ പഞ്ചായത്തിനുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതായിരിക്കും. അതുകൊണ്ട് അദാനി ഗ്രൂപ്പിന് കലഞ്ഞൂരില്‍ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുവാദത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി എതിര്‍ക്കുമെന്നും പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.