പത്തനംതിട്ട : ആനപ്പാറ, തോലിയാനിക്കര, കണ്ണങ്കര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന കഞ്ചാവ് -ലഹരി വിൽപനക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തിയ ആൾക്ക് വധഭീഷണി. മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു.
കേരള ജനവേദി സംസ്ഥാന പ്രസിഡൻറ് റഷീദ് ആനപ്പാറയാണ് പത്തനംതിട്ട അസി. എക്സൈസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തിയത്. പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിനു പുറകുവശം പുതുതായി നിർമിച്ച റോഡ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന. നിരവധിതവണ ജയിൽശിക്ഷ അനുഭവിച്ചവരാണ് പിന്നിൽ. ചില വീടുകളിലും നഗരസഭ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചില കടകളിലും അനധികൃത മദ്യവും ലഹരിപദാർത്ഥങ്ങളും വിൽക്കുന്നുണ്ടെന്ന് റഷീദ് ആനപ്പാറ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എക്സൈസ് കമ്മീഷണർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.
എക്സൈസ് സംഘം ആനപ്പാറയിലെത്തി അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഉച്ചയോടെ ഒരുസംഘം റഷീദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. പരാതിയെ തുടർന്ന് കേസെടുക്കുകയായിരുന്നു.