പത്തനംതിട്ട : ആതുരസേവന രംഗത്ത് പത്തനംതിട്ട ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകാനുള്ള തയാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ന്യൂറോളജി, കാര്‍ഡിയോളോജി എന്നിവയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഇ.എന്‍.റ്റി, ഡെര്‍മ്മറ്റൊളജി, ഒഫ്താല്‍മോളജി, സൈക്യാട്രി, അനസ്‌തേഷ്യോളജി, ഫോറന്‍സിക്, ഡെന്റല്‍, പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ജീറിയാട്രിക്, ടെലിമെഡിസിന്‍ എന്നീ സ്‌പെഷ്യാലിറ്റികളാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഇതുകൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍, ആംബുലന്‍സ്, 108 ആംബുലന്‍സ്, ലാബ്, ഫാര്‍മസി, എക്‌സ്്‌റേ, സി.ടി, മൊബൈല്‍ ഐ യൂണിറ്റ്, പി.പി യൂണിറ്റ്, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ഫ്രീസറോടുകൂടിയ മോര്‍ച്ചറി, ജീറിയാട്രിക് ക്ലിനിക്, ഐ.സി.ടി.സി, ലിങ്ക് എ.ആര്‍.ടി, എന്‍.സി.ഡി ക്ലിനിക്, ബ്ലഡ് ബാങ്ക്, ഡയറ്റീഷ്യന്റെ സേവനം, കിടക്കകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്റര്‍, സ്‌ട്രോക്ക് ഐ.സി.യു, ഓഡിയോളജി, ബി.ഇ.ആര്‍.എ, 24 മണിക്കൂറും സേവനം ലഭിക്കുന്ന കോവിഡ്, കോവിഡ് ഇതര സാംക്രമിക രോഗങ്ങള്‍ക്ക് പ്രത്യേക സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന സാംക്രമിക രോഗ അടിയന്തിര ചികിത്സാകേന്ദ്രം എന്നിവയുടെ സേവനങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭ്യമാണ്.
മലയോര മേഖലയായ പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന ഇവിടുത്തെ കാത്ത്‌ലാബ് അന്ന് എംഎല്‍എയായിരുന്ന വീണാ ജോര്‍ജിന്റെ നിരന്തര ഇടപെടലുകളിലൂടെ ആര്‍ദ്രം മിഷന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കാത്ത്‌ലാബുകളില്‍ ഒന്നാണ്. അത്യാധുനിക നിലവാരത്തിലുള്ള കാത്ത്‌ലാബില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, എക്കോ, ടി.എം.ടി എന്നിവ സൗജന്യ നിരക്കില്‍ ലഭ്യമാണ്.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 22 കോടി രൂപയ്ക്ക് പുതിയ ഒപി ബ്ലോക്കിന്റെ നിര്‍മാണ പ്രവത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ഫണ്ട് അനുവദിക്കുകയും ഇന്‍കല്‍ (ഐ.എല്‍.കെ.ഇ.എല്‍) എന്ന കമ്പനിക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ 10 ബെഡോടുകൂടിയ പീഡിയാട്രിക് ഐസിയുവിന്റെ നിര്‍മാണപ്രവര്‍ത്തികളും പൂര്‍ത്തിയായി വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ സേവനരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താനുള്ള തയാറെടുപ്പിലാണ് ഈ ആതുരസേവനകേന്ദ്രം.