പത്തനംതിട്ട : ഗാർഹിക പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഒരു വർഷത്തിനു ശേഷം ഭർത്താവ് പോലീസിന്റെ പിടിയിലായി. കൊല്ലം തേവലക്കര പടിഞ്ഞാറ്റേക്കര കല്ലൂരേത്ത് വീട്ടിൽ കെ.ഒ.മോനിഷ് ആണ് പിടിയിലായത്. ഒരു വർഷം മുമ്പ് യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ വച്ച് പുറമറ്റം സ്വദേശി സിനി വർഗീസ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
യുവതിയെയും കുട്ടിയെയും ശാരീരികവും മാനസികവുമായി മോനിഷ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. പീഡനം സഹിക്കാൻ പറ്റാതായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പോലീസ് ഇൻക്വസ്റ്റ് നടത്തിയിരുന്നു. യുവതിയുടെ മാതാവ് കോയിപ്രം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് സ്ത്രീ പീഡനത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിലാണ് പീഡന വിവരങ്ങൾ തന്റെ അടുത്ത ബന്ധുക്കൾക്കും ചില കൂട്ടുകാർക്കും സന്ദേശങ്ങളായി യുവതി അയച്ചിരുന്നതു തെളിവായി ലഭിക്കുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി കെ.സജീവ്, എസ്ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഇയാളെ കൊല്ലത്തു നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.