തിരുവനന്തപുരം: കായിക താരമായ ദലിത് പെണ്‍കുട്ടിയെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നെന്നും പഴുതടച്ചുള്ള അന്വേഷണമാണ് വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും ആരും അറിഞ്ഞില്ലെന്നത് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തുവരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട പീഡനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗണ്‍സിലിങ് സംവിധാനം എല്ലാ സ്‌കൂളുകളിലും കാര്യക്ഷമമാക്കണം. കൗണ്‍സിലിങ്ങിനൊപ്പം 3 മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്പുകളും ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതേസമയം പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേൽനോട്ടം ഡിഐജിക്ക് കൈമാറിയത്.