പത്തനംതിട്ട: കാട്ടുപന്നി ശല്യം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ കാലാവധി നീട്ടാൻ ഡിഎഫ്ഒമാർ ശുപാർശ നൽകി. 18ന് സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശുപാർശ.
ഡിഎഫ്ഒമാരുടെ ശുപാർശ സിസിഎഫിനു കൈമാറിയിട്ടുണ്ട്. ഇത് വനംവകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കണം. നിലവിലുള്ള ഉത്തരവിന്റെ കാലാവധി നീട്ടുന്ന വിഷയമായതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാകുകയുമില്ല. നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നതിലേക്കാണ് ഗ്രാമപഞ്ചായത്തു തലങ്ങളിൽ വനംവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കർഷ ജനജാഗ്രതാസമിതികൾ രൂപീകരിച്ചിട്ടുള്ളത്. സമിതിയുടെ ശുപാർശ പ്രകാരം ലൈസൻസുള്ള തോക്ക് ഉടമകൾക്ക് വനംവകുപ്പാണ് വെടിവെയ്ക്കാൻ അനുമതി നൽകുന്നത്. ഇത്തരത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ സമിതി നിലവിൽ വന്നിട്ടുണ്ട്.
ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്തി ഓരോ പഞ്ചായത്തിലേക്കും പാനൽ തയാറാക്കിവരുന്നതിനിടെയാണ് സമിതിയുടെ ആറുമാസ കാലാവധി 18ന് അവസാനിക്കാനിരുന്നത്. ഇതു നീട്ടിത്തരണമെന്ന ആവശ്യം കർഷകർ ഉയർത്തിയിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിലേക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയിട്ടുള്ള ശിപാർശകളിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ താത്കാലിക ആശ്വാസമാണ് ജനജാഗ്രതാസമിതികൾ.
സമിതി രൂപീകരണം എല്ലാ പഞ്ചായത്തിലും പൂർണമായിട്ടില്ല. ജില്ലയിൽ കോന്നി ഡിവിഷനിൽ 12 ഗ്രാമപഞ്ചായത്തുകളിൽ സമിതി രൂപീകരിച്ചെങ്കിലും ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്ന ഒരാളെ മാത്രമാണ് വെടിവെയ്ക്കാനായി ലഭിച്ചത്.
ഇക്കാരണത്താൽ തന്നെ കോന്നി ഡിവിഷനിൽ നടപടികളൊന്നുമുണ്ടായില്ല.
നേരത്തെ ഇറങ്ങിയ ഉത്തരവിന്റെ പിൻബലത്തിൽ വനപാലകർ തന്നെ ശല്യക്കാരനായ കാട്ടുപന്നിയെ അരുവാപ്പുലത്ത് വെടിവെച്ചിരുന്നു.
കൊല്ലം ജില്ലയിലുൾപ്പെടെ കോന്നി ഡിവിഷന് അധികാരപരിധിയുണ്ട്. വനമേഖലയിൽ നിന്നു കിലോമീറ്ററുകളകലെ പന്തളം തെക്കേക്കര, ഏനാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടാകുന്നുമുണ്ട്. റാന്നി ഡിവിഷനിൽ കൂടുതൽ പഞ്ചായത്തുകളിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. അയിരൂർ, റാന്നി – അങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ ഓരോ കാട്ടുപന്നികളെ വെടിവെയ്ക്കുകയും ചെയ്തു