കല്ലൂപ്പാറ: കടമാന്‍കുളം ജംഗ്ഷനിൽ ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡിന് സമീപം നില്‍ക്കുന്ന നാല് ബദാം മരങ്ങളില്‍ പാര്‍ക്കുന്ന വവ്വാലുകള്‍ രോഗ ഭീതി ഉയര്‍ത്തുന്നതിനാല്‍ ഒരു മാസത്തിനകം മുറിച്ചു മാറ്റണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കടമാന്‍കുളം സ്വദേശി സജി ഉമ്മന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഓട്ടോറിക്ഷ സ്‌റ്റാന്‍ഡിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് മരങ്ങള്‍ നട്ടതെന്നും ഇതില്‍ പാര്‍ക്കുന്ന വവ്വാലുകളുടെ ശല്യം കാരണം നിപ്പ വൈറസ്, കൊറോണ പോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന വാദം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തള്ളി. മരത്തിന്റെ ഇലയും പൂവും മറ്റും വീഴുന്നത് പരാതിക്കാരന്റെ പറമ്പിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വാദം പരാതിക്കാരന്‍ തള്ളി.
മരങ്ങളുടെയും പക്ഷികളുടെയും അവശിഷ്‌ടങ്ങള്‍ വീട്ടുമുറ്റത്തും വീട്ടിനകത്തും വീഴുന്നതു കാരണം മാരക രോഗ ഭീഷണിയുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും മാനുഷിക പരിഗണന നല്‍കി പരാതിക്കാര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നാല് മരങ്ങള്‍ മുറിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.