പത്തനംതിട്ട : കോവിഡ് സ്ഥിരീകരിച്ച ആളുടെ മൃതദേഹം എതിർപ്പുകൾക്കൊടുവിൽ സംസ്ക്കരിച്ചു . മരണ ശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച കൈപ്പട്ടൂർ സ്വദേശി രാമകൃഷ്ണന്റെ മൃതദേഹമാണ് സീതത്തോട് കൊച്ചാണ്ടിയിൽ ബുധനാഴ്ച രാത്രി സംസ്കരിച്ചത് . രാമകൃഷ്ണൻ ഇരുപത്തി അഞ്ചാം തീയതിയാണ് മരിച്ചത് . ഹൃദയ, കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാമകൃഷ്ണന്റെ മരണം. മരണ ശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് .
വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും രാമകൃഷ്ണന്റെ വീട്ടിലെ സ്ഥലപരിമിതികൾ ചൂണ്ടിക്കാട്ടി സമീപവാസികൾ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി . തുടർന്ന് സീതത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിച്ചു. മൃതദേഹവുമായി ആംബുലൻസ് ആങ്ങമൂഴി കൊച്ചാണ്ടിയിലെ ശ്മശാനത്തിന് സമീപം എത്തി. ഇവിടെനിന്നും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് നാട്ടുകാർ വിവരം തിരക്കി എത്തിയത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഏറെ നേരം പ്രദേശത്ത് തർക്കം തുടർന്നു. വിവരം അറിഞ്ഞെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ സ്ഥലവാസികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കൊച്ചാണ്ടിയിലുള്ള ശ്മശാനത്തിൽ തന്നെ സംസ്കരിച്ചു.