കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരക്ക് വർധിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് തിരക്ക് കുറഞ്ഞ് നിന്നിരുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എട്ടാം തീയതി ഞായറാഴ്ച്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളം കുറവായതിനാൽ ഹ്രസ്വ ദൂരയാത്രകൾ മാത്രമാണ് ഉള്ളത്. അറുപത്തൊന്ന് കുട്ടവഞ്ചി സവാരിയാണ് എട്ടാം തീയതി മാത്രം നടന്നത്.
ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് അടവിയിൽ എത്തി കുട്ടവഞ്ചി സവാരി നടത്തി മടങ്ങിയത്. പേരുവാലി, അടവി പാർക്കിംഗ് ഗ്രൌണ്ട് എന്നിവടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പറ്റാത്ത അവസ്ഥ വരെ എത്തിയിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക് തുടർന്നുള്ള ദിവസങ്ങളിലും വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.