കോന്നി : താലൂക്ക് ആസ്‌ഥാനത്തെ മിനി സിവില്‍ സ്‌റ്റേഷനില്‍ കയറണമെങ്കില്‍ മാസ്‌ക്ക് മാത്രം പോരാ മൂക്കും പൊത്തണം. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്‌റ്റേഷനില്‍ ജീവനക്കാര്‍ക്ക് മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്കായി മലയോര മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്ന സാധാരണക്കാര്‍ക്കും ഇത് ബാധകമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂക്ഷമായ ദുര്‍ഗന്ധമാണ് ഇവിടെ വമിക്കുന്നത്. കെട്ടിടത്തിലെ ശൗചാലയങ്ങളുടെ പൈപ്പുകള്‍ പൊട്ടി മലിനജലം ഒഴുകുന്നതാണ് കാരണം. ശൗചാലയങ്ങളിലെ പൈപ്പുകള്‍ എല്ലാം പൊട്ടി കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം ഓഫീസ് ജോലികള്‍ കൃത്യമായി ചെയ്യാനോ ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്‌ഥയാണുള്ളത്. നിര്‍മാണത്തിലെ അപാകതകള്‍ കാരണം സാനിട്ടറി, ഇലക്ര്‌ടിക് സംവിധാനങ്ങള്‍ തുടക്കം മുതലേ തകരാറിലായിരുന്നങ്കിലും ഇപ്പോഴത് രൂക്ഷമായിരിക്കുകയാണ്.
താലൂക്ക് ഓഫീസ്, വിദ്യാഭ്യാസ ഓഫീസ്, സബ് ട്രഷറി, വാട്ടര്‍ അതോറിറ്റി ഓഫീസ്, രജിസ്‌ട്രാര്‍ ഓഫീസ് എന്നിവയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മഴ പെയ്‌താല്‍ ചോര്‍ച്ച മൂലം ഓഫീസുകളില്‍ വെള്ളം വീഴുന്നതും പതിവാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പൊതുമരാമത്ത് വിഭാഗം പത്തനംതിട്ട ഓഫീസില്‍ നിന്നുമാണ്. പരാതികള്‍ ഏറെ ഉണ്ടായിട്ടും ഇവ പരിഹരിക്കാന്‍ ഇവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നില്ലന്നാണ് ആക്ഷേപം. ഇലക്ഷന്‍ വിഭാഗവും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാസ്‌ക് ധരിക്കലിനൊപ്പം മൂക്ക് പൊത്തലും കൂടിയായതോടെ ഏറെ ബുദ്ധിമുട്ടിലാണ് ഓഫീസ് ജീവനക്കാരും ഇവിടെ എത്തിച്ചേരുന്നവരും.