കോഴഞ്ചേരി: ഇടതുമുന്നണിയിലെ ഘടകകക്ഷിയായി നിലനിന്ന് മുന്നണി സംവിധാനത്തെയാകെ ദുർബലപ്പെടുത്തുന്ന സിപിഐയുടെനടപടി മര്യാദലംഘനമെന്ന് എൽഡിഎഫ്. ബിജെപിയെയും യുഡിഎഫിനെയും സഹായിക്കുന്ന സംവിധാനമാണ് സിപിഐ കോഴഞ്ചേരി പഞ്ചായത്തിൽ ഇപ്പോൾ സ്വീകരിക്കുന്നത്.
ത്രിതല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലുള്ള 13 വാർഡുകളിലെ സ്ഥാനാർഥികളെ എൽഡിഎഫ് നിശ്ചയിച്ചിരുന്നു. സിപിഎം – 5, സിപിഐ-3, കേരള കോണ്‍ഗ്രസ് (ജോസ് കെ മാണി വിഭാഗം) – 2, എൻസിപി – 1, ജനതാദൾ -എസ് -1, എൽഡിഎഫിന്റെ സഹയാത്രികരായ സിപിഐഎംഎൽ റെഡ്ഫ്ളാഗ് – 1 എന്നീനിലയിലായിരുന്നു പ്രാഥമിക ധാരണ. എന്നാൽ വാർഡുകളുടെ കാര്യത്തിൽ ജനതാദൾ 2015ൽ മത്സരിച്ച് വിജയിച്ച നാലാം വാർഡ് വേണമെന്ന അവകാശവാദം സിപിഐ ഉന്നയിച്ചു.
ഇത് എൽഡിഎഫിന്റെ സംസ്ഥാനസമിതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഘടകകക്ഷികൾ വിജയിച്ച വാർഡുകളിൽ മറ്റ് ഘടകകക്ഷികൾ അവകാശം ഉന്നയിക്കാൻ പാടില്ലെന്നുള്ളതാണ് സംസ്ഥാന എൽഡിഎഫ് നിലപാട്. ജനതാദൾ വാർഡായ നാലിൽ അവർ അവരുടെ സ്ഥാനാർഥിയെയും നിശ്ചയിച്ചിരുന്നു. അതിനാൽ വാർഡ് വിട്ടുനല്‍കുന്നതിനോ മറ്റ് ധാരണകൾക്കോ അവർ ഒരുക്കമല്ലായിരുന്നു. എൽഡിഎഫിന്റെ ജില്ലാ സംസ്ഥാന ഘടകങ്ങളിൽ ചർച്ച ചെയ്തിട്ടും സിപിഐയുടെ പ്രാദേശിക ഘടകത്തിന്റെ നിലപാടുമായി യോജിക്കാന്‍ കഴിയില്ലനാണ് എല്‍ ഡി എഫ് നേതാകളുടെ നിലപാട്.