പത്തനംതിട്ട: ചുവരെഴുത്തിനു മോടി കൂട്ടുന്നത് സ്ഥാനാർഥി തന്നെ. ചിത്രകാരിയായ സ്ഥാനാർഥിക്ക് സ്വന്തം ചിഹ്നവും പേരും ഒക്കെ അഴകായി ചുവരുകളിൽ തെളിയണമെന്നുണ്ട്. അതിനായി ബ്രഷും പെയിന്റും എടുത്തു. പക്ഷേ തിരക്കിനിടെ വാർഡിലെ എല്ലാ ചുവരുകളിലും തന്റെ കൈയൊപ്പ് നേരിട്ട് പതിയില്ലെന്ന വിഷമം മാത്രം.
പത്തനംതിട്ട നഗരസഭ മൂന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് അനില അനിൽ. മുൻ കൗണ്‍സിലറും സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റുമായ കെ. അനിൽ കുമാറിന്റെ ഭാര്യയാണ് അനില. ഭർത്താവിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലും ചുവരെഴുതാനും വോട്ടുപിടിക്കാനുമൊക്കെ മുൻനിരയിൽ അനില പ്രവർത്തിച്ചിട്ടുണ്ട്. കോ ഓപ്പറേറ്റീവ് കോളജിൽ അധ്യാപിക കൂടിയാണ്. ചിത്രകലയിൽ ചെറുപ്പം മുതൽ പ്രാവീണ്യം നേടിയിട്ടുള്ള അനില നിരവധി ചിത്രങ്ങൾ വരച്ചിട്ടുമുണ്ട് . ഈ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും അനില പറയുന്നു.