പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പത്തനംതിട്ട ജില്ലയിൽ ബിജെപിയ്ക്കായിരിക്കും ഏറ്റവും കൂടുതൽ അംഗങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ജില്ലാ പഞ്ചായത്തിൽ ബിജെപി നിർണായക ശക്തിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്യും. കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ബിജെപി ഭരണത്തിലായിരിക്കും. ഏറ്റവും കൂടുതൽ അംഗങ്ങൾ ജില്ലയിൽ തങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ, കോന്നി ഉപതെരഞ്ഞെടുപ്പ് കാലത്തെ വോട്ടുവർധന അതേനിലയിൽ തുടരാൻ ബിജെപിക്കാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം എല്ലാ ജനവിഭാഗങ്ങൾക്കും ബിജെപി സ്വീകാര്യമായിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും എൽഡിഎഫുമായിട്ടും ചുരുക്കം ചില ജില്ലകളിൽ യുഡിഎഫുമായിട്ടുമാണ് എൻഡിഎയുടെ മത്സരം. ബിജെപി നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് ഐക്യം നിലവിൽ വന്നു കഴിഞ്ഞു. അഴിമതി തന്നെയാവും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുക. പിണറായി സർക്കാരിന്റെ കള്ളക്കടത്ത്, രാജ്യദ്രോഹം, കള്ളപ്പണം എന്നിവ ഉയർത്തുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. ആദ്യമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി ആരോപണം നേരിടുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതു കൊണ്ടാണ് അഴിമതികൾ പുറത്തായത്.
യുഡിഎഫ് നേതാക്കൾക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പിന്നിലും ബിജെപിയാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല . ശബരിമലയുടെ കാര്യത്തിൽ പിണറായി സർക്കാർ ഇപ്പോഴും ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.