പത്തനംതിട്ട : ഈ തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിൽ തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങി. കഴിഞ്ഞ 25 വർഷ കാലങ്ങളായി വിവിധ തലങ്ങളിൽ ജനപ്രതിനിധിയായിരുന്ന യുഡിഎഫിന്റെ റോബിൻ പീറ്ററെ നേരിടുന്നത് മുൻ കോൺഗ്രസ് പ്രവർത്തകനും ഇപ്പോഴത്തെ സി പി ഐ എം സ്ഥാനാർത്ഥിയുമായ രാജേഷ് ആക്ലേത്താണ് . അതേ സമയം പ്രമാടം ഡിവിഷനിൽ അട്ടിമറിവിജയം നേടാന്‍ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും യുവമോർച്ച മുൻ നേതാവുമായ വി.എ സൂരജും അങ്കത്തട്ടിലുണ്ട്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ സ്ഥാനാര്‍ഥിയായി സുനിൽ കോന്നിയൂരും മത്സര രംഗത്തുണ്ട്.
ലോക്‌സഭ, കോന്നി ഉപതെരഞ്ഞെടുപ്പുകളിൽ ലഭിച്ച സ്വീകാര്യതയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. പോപ്പുലർ നിക്ഷേപകരുടെ സമരത്തിന് വി.എ സൂരജ് നൽകിയ പിന്തുണയും ജനങ്ങൾക്കിടയിൽ സൂരജിന്റെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. പ്രമാടം ഗ്രാമ പഞ്ചായത്തിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചിരുന്ന റോബിൻ പീറ്റർ ഏവര്‍ക്കും സ്വീകാര്യനാണ്. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ വിശ്വസ്തന്‍കൂടിയായ ഇദ്ദേഹത്തെ കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. അടൂര്‍ പ്രകാശിന്റെ നോമിനിയായിട്ടാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ റോബിന്‍ പീറ്റര്‍ ഇടംപിടിച്ചത്. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് നേത്രുത്വം ഇത് അംഗീകരിച്ചില്ല.
റോബിന്‍ പീറ്ററിന്റെ സുഹൃത്തായ രാജേഷ് ആക്ലേത്ത് പ്രമാടം നേതാജി സ്കൂളിലെ അദ്ധ്യാപകന്‍കൂടിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ചുവടുമാറിയത്. മത്സരം തുടക്കത്തില്‍ ഈ സുഹൃത്തുക്കള്‍ തമ്മിലായിരുന്നുവെങ്കിലും ഇപ്പോള്‍ ചിത്രം മാറിമറിയുകയാണ്. പൂഞ്ഞാര്‍ സിംഹത്തിന്റെ പ്രതിനിധി സുനില്‍ കോന്നിയൂരും ജനപക്ഷത്തിന്റെ ബാനറില്‍ സജീവമാണ്. ബി.ജെ.പി സൂരജിനെ കളത്തില്‍ ഇറക്കിയത് അട്ടിമറി വിജയം എന്ന ലക്‌ഷ്യം കണ്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രമാടം ഡിവിഷനിൽ ബിജെപി താമര വിരിയിക്കുമോ എന്ന ആശങ്കയിലാണ് ഇരു മുന്നണികളും.