പത്തനംതിട്ട: ഭവന നിര്‍മാണത്തിനെന്ന പേരില്‍ അനുവാദം വാങ്ങി മണ്ണെടുത്തു മാറ്റുകയും ആ സ്‌ഥലത്ത് വീട് നിര്‍മിക്കാതിരിക്കുകയും ചെയ്‌തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് രംഗത്ത്. ഇത്തരക്കാരോട് മണ്ണെടുത്ത് മാറ്റിയതിന് അടച്ച റോയല്‍റ്റിയുടെ അഞ്ചിരട്ടി പിഴയായി അടയ്‌ക്കാന്‍ ജിയോളജി ജില്ലാ ഓഫീസില്‍ നിന്നും നോട്ടീസ് എത്തി.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഖജനാവ് നിറയ്‌ക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിലവിലുള്ള നിയമം പൊടി തട്ടിയെടുക്കുകയായിരുന്നുവെന്ന് ആക്ഷേപം. അഞ്ചു ലക്ഷം രൂപ റോയല്‍റ്റി അടച്ച് മണ്ണെടുത്തു മാറ്റാന്‍ അനുമതി നേടിയവര്‍ 25 ലക്ഷം പിഴ ഇനത്തില്‍ നല്‍കണം. നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്‌ക്കാത്തവര്‍ക്കെതിരേ റവന്യൂ റിക്കവറി നടത്താനാണ് നീക്കം.
മണ്ണെടുത്ത് മാറ്റി ഒരു വര്‍ഷത്തിനകം വീട് പണി ആരംഭിച്ചിരിക്കണമെന്നാണ് നിയമം. തറ കെട്ടിയിട്ടവര്‍ക്ക് എതിരേ നടപടിയുണ്ടാകില്ല. ഒരു നിര്‍മാണവും നടത്താത്തവര്‍ക്ക് എതിരേയാണ് നടപടി. ഇത്തരക്കാര്‍ക്ക് ആദ്യ നോട്ടീസ് അയച്ചു കഴിഞ്ഞു.
പലരും ഇത് നിസാരമായി കണ്ട് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ്. രണ്ടാമത്തെ നോട്ടീസ് അടയ്‌ക്കേണ്ട തുകയുടെ കണക്ക് സഹിതമാകും നല്‍കുക. ഈ തുക അടച്ചില്ലെങ്കിലാണ് റവന്യൂ റിക്കവറി നടപടികള്‍ക്കായി റവന്യൂ വകുപ്പിന് കൈമാറുന്നത്. ഇതിന് പ്രത്യേകം ഹിയറിങ് ഒന്നുമുണ്ടാകില്ല. വസ്‌തു ജപ്‌തി ചെയ്‌ത് സര്‍ക്കാരിലേക്ക് ഏറ്റെടുക്കും.
മണ്ണു മാഫിയയുടെ കെണിയില്‍ വീണ് സ്വന്തം പറമ്പില്‍ നിന്ന് മണ്ണെടുത്ത് വിറ്റവരാണ് ഏറെയും. ഭവന നിര്‍മാണത്തിന് വേണ്ടി മാത്രമേ മണ്ണെടുത്ത് നീക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി അനുവാദം നല്‍കുകയുള്ളൂ. ഇതിനായി വീടിന്റെ പ്ലാന്‍, സ്‌കെച്ച്, തദ്ദേശ സ്‌ഥാപനങ്ങളില്‍ നിന്ന് ലഭിച്ച ബില്‍ഡിങ് പെര്‍മിറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക് ജിയോളജിസ്‌റ്റ് സ്‌ഥലം സന്ദര്‍ശിച്ച ശേഷം എത്ര ഘനയടി മണ്ണ് നീക്കാമെന്ന് പരിശോധിക്കും. അതിന് നിശ്‌ചിത തുക സര്‍ക്കാരിലേക്ക് റോയല്‍ട്ടി അടയ്‌ക്കണം. ഇങ്ങനെ അടച്ച ചെല്ലാന്‍ ഓഫീസില്‍ എത്തിക്കുമ്പോഴാണ് മണ്ണ് നീക്കാനുള്ള പാസ് ജിയോളജിയില്‍ നിന്ന് നല്‍കുന്നത്. മണ്ണെടുത്ത് മാറ്റിയ സ്‌ഥലത്ത് ഒരു വര്‍ഷത്തിനകം വീടിന്റെ തറയെങ്കിലും കെട്ടിയിരിക്കണം
മണ്ണിന് വേണ്ടി സമീപിക്കുന്ന മാഫിയ സംഘങ്ങള്‍ വസ്‌തു ഉടമയ്‌ക്ക് മുന്നില്‍ ഒരു പാക്കേജ് ആകും വയ്‌ക്കുക. ഉടമ ഒന്നും അറിയേണ്ട കാര്യമില്ല. വീടിന്റെ പ്ലാനും സ്‌കെച്ചും തയാറാക്കി പഞ്ചായത്തില്‍ നിന്ന് ബില്‍ഡിങ് പെര്‍മിറ്റും വാങ്ങി റോയല്‍ട്ടിയും അടച്ച് ജിയോജളിയില്‍ നിന്ന് പാസുമെടുത്ത് ഇവര്‍ മണ്ണ് നീക്കും. മണ്ണിന്റെ വിലയായി ലോഡൊന്നിന് ചെറിയൊരു തുക വീതം ഉടമയ്‌ക്ക് നല്‍കും. ആവശ്യത്തിന് മണ്ണുമെടുത്ത് മാഫിയ സംഘം സ്‌ഥലം വിടും. ഒരു വര്‍ഷത്തിനകം ഈ സ്‌ഥലത്ത് വീട് നിര്‍മാണം നടത്തണമെന്ന നിയമത്തെ കുറിച്ച് ഉടമകളില്‍ ഏറെപ്പേരും അജ്‌ഞരായിരിക്കും. ഇങ്ങനെയുള്ളവരാണ് ഇപ്പോള്‍ പെട്ടു പോയിരിക്കുന്നത്. ഇവര്‍ക്കെല്ലാം ജിയോളജി ജില്ലാ ഓഫീസില്‍ നിന്ന് നോട്ടീസ് ചെന്നു.
പലരും നോട്ടീസ് നിസാരമായിട്ടാണ് കണ്ടത്. മണ്ണെടുത്തു കൊണ്ട് പോയവരെ വിളിച്ചു ചോദിക്കുമ്പോള്‍ അത് ചുമ്മാതെ അയച്ചതാകും എന്നാകും പറയുക. പിന്നാലെ കൂടിയ തുകയ്‌ക്കുള്ള നോട്ടീസ് ചെന്നപ്പോഴാണ് തങ്ങള്‍ പെട്ടിരിക്കുന്ന കെണിയുടെ ആഴം മനസിലായിരിക്കുന്നത്. പിന്നെ വീട് നിര്‍മാണം ആരംഭിച്ചിട്ടും പ്രയോജനമില്ല, പിഴ അടയ്‌ക്കുക തന്നെ വേണം. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സര്‍ക്കാരിന് ഈ വിധത്തില്‍ ലഭിക്കുന്ന തുക വലിയൊരു ആശ്വാസമാണ്. അതു കൊണ്ട് തന്നെ നടപടി ക്രമങ്ങള്‍ വേഗത്തിലാണ്. വീട് നിര്‍മിക്കാത്ത പകുതിയിലേറെ പേര്‍ക്കും രണ്ടാമത്തെ നോട്ടീസും പോയിക്കഴിഞ്ഞു.