പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ 15ആം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിക്കും. 24ന് വോട്ടെടുപ്പ്. വാർഡിൽ 340 വീടുകളും 1027 വോട്ടർമാരുമാണുള്ളത്. 3 സ്ഥാനാർഥികളും 5 റൗണ്ട് ഭവന സന്ദർശനം പൂർത്തിയാക്കി. യുഡിഎഫ് സ്ഥാനാർഥി സോബി റെജിക്കായി ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, റോജിപോൾ ദാനിയേൽ, സുനിൽ എസ്.ലാൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ആർ.അരവിന്ദാക്ഷൻ നായർ, കൺവീനർ ജി.ആർ.ബാലചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസർ തോണ്ടമണ്ണിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ കൂട്ടമായാണു വീടുകൾ കയറി ഇറങ്ങി വോട്ടു ചോദിക്കുന്നത്.
ആന്റോ ആന്റണി എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെപിസിസി അംഗം പി.മോഹൻരാജ് എന്നിവരും യുഡിഎഫ് സ്‌ഥാനാർഥിക്കായി പ്രചാരണത്തിന് എത്തി. സമാപന ദിവസമായ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎയും എത്തും. എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈനാണ് മുന്നില്‍. മന്ത്രി വീണാ ജോർജ്, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ.ജേക്കബ്, ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, എൽഡിഎഫ് നേതാക്കളായ എം.ബി.സഞ്ജു, സാബു കണ്ണങ്കര, സുമേഷ് ഐശ്വര്യ, ഷാഹുൽ ഹമീദ്, മുഹമ്മദ് സാലി എന്നിവരും എൽഡി എഫ് സ്‌ഥാനാർഥിക്കായി പ്രചാരണത്തിന് എത്തി. നേരത്തെ കൗൺസിലർ ആയിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ ജോസഫ് വോട്ട് ചോദിക്കുന്നത്. ബിജെപി സ്‌ഥാനാർഥി പ്രിയ സതീഷിന് വേണ്ടി ബിജെപി മണ്ഡലം പ്രസിഡൻ്റ് വിപിൻ വാസുദേവ്, സെക്രട്ടറി ജി.പി.വിജയൻ, രാധാക്യഷ്ണൻ, ജയകൃഷ്ണൻ എന്നിവര്‍ പ്രവർത്തകർക്ക് ഒപ്പം ഓരോ വീടും കയറി ഇറങ്ങിയാണ് വോട്ടുചോദിക്കുന്നത്. ജില്ലാ പ്രസിഡന്റ് വി. എ.സൂരജ്, ജില്ലാ സെക്രട്ടറി ബിനുമോൻ എന്നിവരും പ്രചാരണത്തിനെത്തി.