ഓമല്ലൂർ: ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും. ശക്തമായ ത്രികോണ മത്സരമാണ് എല്ലാ വാർഡുകളിലും നടക്കുന്നത്. പട നയിച്ച് പ്രമുഖർ രംഗത്തിറങ്ങിയതോടെ മത്സരവും ശ്രദ്ധേയമായി.
ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും ഏറ്റവും വലിയ മുന്നണിയെന്ന നിലയിൽ എൽഡിഎഫാണ് കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ചത്. ആറംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫ്, ബിജെപി പക്ഷത്ത് നാലുപേർ വീതം ഉണ്ടായിരുന്നു. ഇത്തവണ മെച്ചപ്പെട്ട നിലയിൽ തിരികെ എത്താമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. എന്നാൽ ഭരണം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവുമായി യുഡിഎഫ് നേതാക്കളുമുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി ജോണ്സണ് വിളവിനാൽ അടക്കം മത്സരരംഗത്തുണ്ട്.
കോണ്ഗ്രസ് തന്നെയാണ് എല്ലാ വാർഡിലും മത്സരിക്കുന്നത്. ഏഴ്, എട്ട് വാർഡുകളിലൊഴികെ കോണ്ഗ്രസ് ചിഹ്നത്തിൽ തന്നെ സ്ഥാനാർഥികൾ മത്സരിക്കുന്നു. എൽഡിഎഫിൽ സിപിഎം സ്ഥാനാർഥികളാണ് കൂടുതൽ. വനിതാ വാർഡുകളിൽ പലയിടത്തും സ്വതന്ത്ര ചിഹ്നത്തിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. ബിജെപി 14 വാർഡുകളിലും സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുമുണ്ട്.