പത്തനംതിട്ട :എസ്‌എസ്‌എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍. പത്തനംതിട്ട മുട്ടത്തുകോണം എസ്‌എന്‍ഡിപി ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇനിയുള്ള പരീക്ഷകളുടെ ചുമതലാസ്ഥാനത്ത് നിന്നുമാണ് സന്തോഷിനെ അന്വേഷണ വിധേയമായി മാറ്റിയത്. രാവിലെ പരീക്ഷ ആരംഭിച്ച ശേഷമാണ് പത്തനംതിട്ട ഡി ഇ ഒ അംഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോ എത്തിയത്. 126 പ്രധാന അധ്യാപകരുള്‍പ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ എത്തിയതോടെ അധ്യാപകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ആദ്യം നടപടികള്‍ ഉണ്ടായില്ല. സ്വന്തം സ്കൂളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്തോഷ് സഹപ്രവര്‍ത്തകര്‍ക്ക് ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്യുന്നതിനിടെ ഗ്രൂപ്പ് മാറി പോയതാകാമെന്നാണ് വിലയിരുത്തല്‍. അതേസമയം സ്കൂളില്‍ നേരിട്ടെത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്തരവ് ലഭിച്ചതതോടെയാണ് ഡി ഇ ഒ രേണുക സ്കൂളില്‍ എത്തി അന്വേഷണം നടത്തി പരീക്ഷയുടെ ചുമതലയില്‍ നിന്നും മാറ്റിയത്.
ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് മേലധികാരികള്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഇന്നലെ രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.