റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലെ മന്ദിരം ജംഗ്ഷനിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കൂറ്റൻ കാടുകൾ യാത്രക്കാർക്കും നാട്ടുകാർക്കും വിനയാകുന്നു. പലഭാഗത്തും വൈദ്യുതി പോസ്റ്റിന്റെ ഉയരത്തിൽ കാടു വളർന്നുനിൽക്കുകയാണ്.
വടശ്ശേരിക്കര, പത്തനംതിട്ട, റാന്നി, തെക്കേപ്പുറം, കോഴഞ്ചേരി എന്നിവിടങ്ങളിലേക്ക് തിരിയുന്ന പ്രധാന ജംഗ്ഷനാണിത്. വർഷങ്ങളായി കാടുപിടിച്ചുകിടക്കുന്ന പുരയിടം കാട്ടുപന്നി, പാമ്പ് എന്നിവയുടെ താവളമാണ്.
കൂടാതെ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി സഞ്ചരിക്കാനും കഴിയുന്നില്ല. റാന്നിയിൽനിന്നോ വടശ്ശേരിക്കരയിൽനിന്നോ വരുന്ന വാഹനയാത്രക്കാർക്ക് ജംഗ്ഷനിൽ എത്തിയാൽ എതിർഭാഗത്തെ വാഹനം തെട്ടടുത്തു വരുമ്പോഴാണ് കാണുന്നത്. രാത്രിയിൽ കാൽനടക്കാർക്ക് ഭയന്നു മാത്രമേ സഞ്ചരിക്കാൻ കഴിയൂ. അടിയന്തരമായി കാട് നീക്കാനുള്ള നടപടിക്ക് ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ആവശ്യം.