റാന്നി : റാന്നി പട്ടണത്തിൻ്റെ മുഖഛായ മാറ്റുന്ന റാന്നി വലിയ പാലം നിർമാണം പുരോഗമിക്കുന്നു. ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കിഫ്ബിയിൽ നിന്ന് 27 കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പെരുമ്പുഴ–അങ്ങാടി കടവുകളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം നടക്കുന്നത്.
കാലടി കേന്ദ്രമാക്കിയുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. റാന്നിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ പാലത്തിനാകും. ബ്ലോക്ക് പടി– രാമപുരം റോഡ് വികസിപ്പിച്ച് അപ്രോച്ച് റോഡ് നിർമിക്കും. ഇതുവഴി പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ബ്ലോക്ക് പടി മുതൽ ഇട്ടിയപ്പാറ മിനർവ ജംഗ്‌ഷൻ വരെ ഒരു സമാന്തര പാതയുടെ രൂപീകരണത്തിന് ഇത് വഴിതെളിക്കും. ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ എന്നീ പ്രധാന കേന്ദ്രങ്ങളിലെ ഗതാഗതകുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും
റാന്നിയുടെ തിരക്കേറിയ ഭാഗങ്ങളിൽ വൺവേ സംവിധാനം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും. നദിയിലെയും പെരുമ്പുഴ കരയിലെയും തൂണുകളുടെ നിർമാണം പൂർത്തിയായി. തൂണുകളെ ബന്ധിപ്പിക്കുന്ന സ്പാനുകൾ നിർമിക്കുകയാണ് ഇപ്പോൾ. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. രാജു ഏബ്രഹാം എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് എൽഡിഎഫ് സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പടുത്തി പുതിയ പാലത്തിന് അനുമതി നൽകിയത്.