തിരുവല്ല : പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ തുടങ്ങും. തിരുവല്ല എസ്.സി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ശാസ്‌ത്ര ഗണിതശാസ്‌ത്രമേളകള്‍ 21-ന് എസ്.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സാമൂഹിക ശാസ്‌ത്ര പ്രവൃത്തിപരിചയ മേളകള്‍ തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുമൂലവിലാസം യുപിഎസിലും ഐടി മേള 20-ന് തിരുവല്ല എസ്.സി.എസ്. സ്‌കൂളിലും നടക്കും. പത്തനംതിട്ട റവന്യൂ ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.
മേളയ്‌ക്കാവശ്യമായ ഭക്ഷണക്രമീകരണങ്ങള്‍ നടത്തിവരുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനായി എംപിയും എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍മാനും അടങ്ങുന്ന സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ രാജു വിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പബ്ലിസിറ്റി കമ്മിറ്റി അറിയിച്ചു.യോഗത്തില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഡയറക്‌ടര്‍ രാജു വി., പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനി താജ്, പബ്ലിസിറ്റി കണ്‍വീനര്‍ ഹരികുമാര്‍ കെ., പ്രമോദ് ബി., രാജേഷ് പി എന്നിവര്‍ പ്രസംഗിച്ചു.