തിരുവല്ല: വിമതരെക്കൊണ്ട് വലഞ്ഞ് ഇരുമുന്നണികളും. തിരുവല്ല മുനിസിപ്പാലിറ്റിയിൽ മത്സരിക്കുന്ന യു.ഡി.എഫ്, എൽഡിഎഫ് കക്ഷികളാണ് റിബൽ സ്ഥാനാർഥികളെകൊണ്ട് ബുദ്ധിമുട്ടിലായിരിക്കുന്നത്. വിമത സ്ഥാനാർഥികളുടെ എണ്ണം എൽഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫിലാണ് കൂടുതൽ. നാലാം വാർഡിൽ എൽഡിഎഫിലെ വിമതനായി ജനതാദളിലെ വി.എസ്. വിജയൻ മത്സരിക്കുന്നു.
ഇവിടെത്തന്നെ മുൻ കൗണ്‍സിലർ അലിക്കുഞ്ഞ് ചുമത്ര കോണ്‍ഗ്രസ് വിമതനായി മത്സരിക്കുന്നു. വാർഡിലെ മുൻ കൗണ്‍സിലർ കെ.കെ. സാറാമ്മയും മത്സര രംഗത്തുണ്ട്. ഏഴാം വാർഡിൽ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തമ്പിച്ചൻ മുളമൂട്ടിലും എട്ടാം വാർഡിൽ ജോസഫ് ഗ്രൂപ്പിലെതന്നെ ശാന്തമ്മയും വിമതരായി മത്സരിക്കുന്നു.
നിലവിലുള്ള കൗണ്‍സിലർകൂടിയാണ് ശാന്തമ്മ. ഒന്‍പതാം വാർഡിൽ മുൻ മുനിസിപ്പൽ ചെയർമാൻ രാജു മുണ്ടമറ്റം ഇടതു വിമതനാണ്. 11 -ാം വാർഡിൽ ആർഎസ്പിയിൽനിന്നുള്ള മധുസൂദനൻപിള്ള വിമതനായി മത്സരിക്കുന്നു. 15 -ാം വാർഡിൽ കോണ്‍ഗ്രസ് വിമത സ്ഥാനാർഥിയായി ഉമ്മൻ സഖറിയയും 20 -ൽ ജ്യോതി ജോണ്‍ പരുത്തിക്കാട്ടിലും 37 -ൽ ഷാജി തേന്മഠവും മത്സരരംഗത്തുണ്ട്.