തിരുവല്ല: കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും മുന്നണി മാറ്റവും വിലയിരുത്തപ്പെടുന്ന നഗരസഭകളിലൊന്നാണ് തിരുവല്ല. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ നഗരസഭ കൂടിയായ തിരുവല്ലയില്‍ ഇക്കുറി ആരു ഭരണത്തിലെത്തണമെങ്കിലും കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ ശക്തമായ പിന്തുണ വേണമെന്നതാണ് സാഹചര്യം. രണ്ട് മുന്നണികളിലും ഉള്‍പ്പെട്ട വിഭാഗങ്ങള്‍ തിരുവല്ലയില്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പുറപ്പാടിലുമാണ്.
ഏഴ് വാര്‍ഡുകളില്‍ ജോസ്, ജോസഫ് വിഭാഗങ്ങള്‍ നേരിട്ടുള്ള മത്സരത്തിലുമാണ്. കഴിഞ്ഞ കൗണ്‍സിലില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നഗരസഭയില്‍ 10 കൗണ്‍സിലര്‍മാരുണ്ടായിരുന്നു. രണ്ടുവര്‍ഷത്തോളം ചെയര്മാന് സ്ഥാനവും ലഭിച്ചു. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായപ്പോള്‍ ഏഴു പേര് ജോസഫ് പക്ഷത്തും മൂന്നുപേര്‍ ജോസ് പക്ഷത്തുമായി. എല്‍ഡിഎഫില്‍ നവാഗതരാണെങ്കിലും ജോസ് വിഭാഗത്തിനു മെച്ചപ്പെട്ട പങ്കാളിത്തം ലഭിച്ചിട്ടുണ്ട്.
യുഡിഎഫില്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ചില വാര്‍ഡുകളില്‍ തര്‍ക്കങ്ങളുമുണ്ട്. എന്നാല്‍ മുന്നണികള്‍ തമ്മിലുള്ള പോരിനിടെ നിര്‍ണായക ശക്തിയായി മാറാന്‍ ബിജെപിയും ചില സ്വതന്ത്രരും രംഗത്തുണ്ട്. 39 വാര്‍ഡുകളുള്ള നഗരസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാനാകാത്ത മുന്നണിക്കു പുറമേനിന്നുള്ള പിന്തുണ വേണ്ടിവരുമെന്ന സൂചന ഇപ്പോള്‍ തന്നെയുണ്ട്. 39600 വോട്ടര്‍മാരുള്ള നഗരസഭയില്‍ 155 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 13-ാം വാര്‍ഡിലാണ് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേരിട്ടുള്ള പോരാട്ടത്തിലാണ്.
ഇരുപതോളം വാര്‍ഡുകളില്‍ ബിജെപി ശക്തമായ മത്സരത്തിലാണ്. 15-ാം വാര്‍ഡില്‍ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ തന്നെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ ഡോ.റെജിനോള്‍ഡ് വര്‍ഗീസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ കൗണ്‍സിലര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ മാത്യുവും മത്സരരംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് ജോര്‍ജ് മത്സരിക്കുന്ന 11 -ാം വാര്‍ഡില്‍ ആര്‍എസ്പിയിലെ മധുസൂദനന്‍പിള്ളയും സ്ഥാനാര്‍ഥിയാണ്.