തിരുവല്ല: മൂന്ന് പതിറ്റാണ്ടോളം കാലപ്പഴക്കമുള്ള പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽ ഭിത്തിയും സ്ലാബും കൈവരികളും തകർന്നിട്ട് കാലമേറെയായി എന്നിട്ടും പെരുംതുരുത്തി പാലത്തിന്‍റെ പുനര്‍ നിര്‍മാണം നടത്തിയിട്ടില്ല.
കാവുംഭാഗം-ഇടിഞ്ഞില്ലം തിരുവല്ല-ചങ്ങനാശ്ശേരി പാതകളെ തമ്മിൽ ബന്ധിപ്പിച്ച് ആലംതുരുത്തി-പെരുന്തുരുത്തി ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ ഏക പാലമാണിത്.
ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. ചന്തത്തോടിനു കുറുകെയുള്ള പാലത്തിൻെറ ഒരുവശത്തെ കൈവരി പൂർണമായും തകർന്ന നിലയിലാണ്. കൈവരി തകർന്ന ഭാഗത്തുനിന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ തോട്ടിൽ വീണിട്ടുള്ളതായി നാട്ടുകാർ പറയുന്നു. അപകട ഭീഷണി ഉയർത്തുന്ന പാലം പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.