തിരുവല്ല: എട്ടുമാസം മുമ്പ് നിർമാണം തുടങ്ങിയ പെരിങ്ങര പഞ്ചായത്തിലെ ഒമ്പത്, 12 വാർഡുകളിലൂടെ കടന്നുപോകുന്ന ഇട്ടിച്ചൻ പറമ്പിൽപടി -മട്ടയ്ക്കൽ പടി റോഡിൻെറ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്.
2018ലെ മഹാപ്രളയത്തോടെയാണ് റോഡ് പൂർണമായും തകർന്നത്. തുടർന്ന്, എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. വെള്ളക്കെട്ട് പതിവാകുന്ന ഭാഗം മണ്ണിട്ടുയർത്തി ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ച് ടാറിങ് നടത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. എന്നാൽ, മെറ്റലിങ്ങിനുശേഷം മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ടാർ ചെയ്തിട്ടില്ല. മെറ്റൽ പൂർണമായും ഇളകിക്കിടക്കുന്നത് കടുത്ത യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. മെറ്റൽ ഇളകിക്കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനയാത്ര തീർത്തും ദുഷ്കരമാണ്. റോഡിൻെറ ശോച്യാവസ്ഥ മൂലം വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവായി മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.