പത്തനംതിട്ട : ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ പതിവാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് മോഷണങ്ങൾ നടക്കുന്നത്. പത്തനംതിട്ട വാഴമുട്ടം കോളേജ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂട്ടർ മോഷണം പോയിരുന്നു. എ.ടി.എമ്മിന് മുമ്പിൽ സ്കൂട്ടർ വെച്ചിട്ട് അകത്തേക്ക് പോയി മടങ്ങി വന്ന സമയം കൊണ്ട് വാഹനവുമായി മോഷ്ടാവ് കടന്നു.
താഴൂർക്കടവ് റൂട്ടിൽ പെട്രോൾ തീർന്നതിനെ തുടർന്ന് സ്കൂട്ടർ ഉപേക്ഷിച്ച് മുങ്ങിയ മോഷ്ടാവിനെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. കൈലിയുടുത്ത നീളം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. വെണ്ണിക്കുളം സ്വദേശിയുടെ ബൈക്കും ഒരാഴ്ച മുമ്പ് മോഷണം പോയതായി കണ്ടെത്തിയിരുന്നു. രാത്രി വീട്ടിൽ നിന്നാണ് മോഷണം പോയത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കോഴഞ്ചേരി ഭാഗങ്ങളിലും കുറിയന്നൂർ ഭാഗങ്ങളിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബൈക്കിന്റെ ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. ഇതുവരെ ഒരു കേസിലും അറസ്റ്റ് ഉണ്ടായിട്ടില്ല. വാഴമുട്ടം കേസിൽ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ പോലീസിനായിട്ടില്ല. നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാട്ടുകാരാണോ അന്യ സംസ്ഥാന തൊഴിലാളികളാണോ മോഷണത്തിന് പിന്നിലെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല.