അടൂർ : കോൺഗ്രസ് സ്ഥാനാർഥിക്ക് അനുവദിച്ച പാർട്ടി ചിഹ്നം മുസ്ലിം ലീഗിനുവേണ്ടി റദ്ദാക്കാൻ ആവശ്യപ്പെട്ട ഡി.സി.സി പ്രസിഡൻറിനെതിരെ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിൽ സ്ഥാനം രാജിവെച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കലിൽ കോൺഗ്രസിനുണ്ടായേക്കാവുന്ന മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സംഭവങ്ങൾ. പ്രചാരണരംഗത്ത് മുന്നേറിയ പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഷീന ഫാത്തിമക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്ന ഔദ്യോഗിക ശിപാർശക്കത്ത് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നവംബർ 19ന് വരണാധികാരിക്ക് നൽകിയിരുന്നു. പത്രിക പിൻവലിക്കേണ്ട ദിവസമായ തിങ്കളാഴ്ച ഡി.സി.സി പ്രസിഡന്റ് വരണാധികാരിയുടെ ഓഫിസിലെത്തി കോൺഗ്രസ് സ്ഥാനാർഥിക്ക് ചിഹ്നം നൽകാൻ പാടില്ലെന്ന് അറിയിച്ചു.
ഷീന ഫാത്തിമ മത്സരരംഗത്ത് തുടരുമെന്ന് വ്യക്തമാക്കിയതോടെ ഇവിടെ കോൺഗ്രസ് പ്രവർത്തകർ ഈ സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് വ്യക്തമായി. യു.ഡി.എഫ് ജില്ല കൺവൻഷനിൽ വെച്ച് യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീനാണ് ഷീന ഫാത്തിമയുടെ പേര് പ്രഖ്യാപിച്ചത്. അതിനുശേഷം രണ്ടുതവണ ഗൃഹസന്ദർശനം ഉൾപ്പെടെ നടത്തുകയും പോസ്റ്റർ, അഭ്യർഥന എന്നിവ അച്ചടിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് സീറ്റ് മുസ്ലിം ലീഗിനാണെന്ന് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് പഴകുളം. 2015ൽ മാത്രമാണ് ഈ വാർഡിൽ യു.ഡി.എഫ് പരാജയപ്പെട്ടത്.