പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ‘വിദ്യാധൻ’ എന്ന പേരിൽ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന പദ്ധതിക്ക് തുടക്കമായി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന പ്ലസ് ടുവിന് പഠിക്കുന്ന മെഴുവേലി സ്വദേശിനി വർഷ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാനായി കടയിൽ ജോലിക്ക് പോയി തുടങ്ങിയിരുന്നു. പ്രക്കാനം സ്വദേശിനിയായ പിതാവ് ഉപേക്ഷിച്ച് പോയ മനീഷയും സമാന സാഹചര്യത്തിലായിരുന്നു. ഇവരുടെ ദയനീയത അറിഞ്ഞ ബീറ്റ് ഓഫീസർമാർ വിവരം എസ് എച്ച് ഒ എം.ആർ സുരേഷിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇവർക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ വാങ്ങി നല്കാൻ തീരുമാനിച്ചു.
വിദ്യാരംഭ നാളിൽ പത്തനംതിട്ട ഡി.വൈ.എസ്പി കെ സജീവ് അവർകളുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും കൈമാറി. പഠന സൗകര്യങ്ങളില്ലാതെ കുട്ടികൾ പഠനമുപേക്ഷിക്കുന്ന സാഹചര്യം ജില്ലയിൽ ഒരിടത്തുമുണ്ടാവാൻ പാടില്ലയെന്ന ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിൻ്റെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിക്കുകയാണ് ജനമൈത്രി സംവിധാനത്തിലൂടെ പോലീസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്എച്ച് ഒ എം ആർ സുരേഷ് അധ്യക്ഷനായി. എസ് ഐ ടി.ജെ ജയേഷ്, കെ.പി.എ ജില്ലാ ജോ. സെക്രട്ടറി കെ എസ് സജു, സന്തോഷ് കുമാർ, എസ് ശ്രീജിത്ത്, മനോജ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വളണ്ടിയർ അശോക് മലഞ്ചരുവിൽ എന്നിവർ നേതൃത്വം നല്കി.