പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രമുഖ മുന്നണികൾ കാട്ടുപന്നി ശല്യം മുഖ്യ പ്രചാരണ ആയുധമാക്കുന്നു. പന്നി ശല്യം കാരണം കർഷകർ അനുഭവിക്കുന്ന ദുരിതം മുന്നിൽ കണ്ടും അവയെ പ്രതിരോധിക്കാൻ വ്യക്തമായ മാർഗം സ്വീകരിക്കാത്ത നടപടിയിലും കർഷകരുടെ പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് മുന്നണികള്‍ ഈ വിഷയം പ്രചാരണ ആയുധമാക്കിയിരിക്കുന്നത്. ജില്ലയില്‍ കൃഷി ഉപജീവനമാർഗമാക്കിയ കർഷകര്‍ ധാരാളമുണ്ട്. പുതിയതായി പലരും ഈ കോവിഡ് കാലത്ത് ഓരോ വീടുകളിലും പച്ചക്കറി ഉൾപ്പെടെ കൃഷി ചെയ്തു വരികയും ചെയ്യുന്നുണ്ട്. ഇതു കൂടാതെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയവരും കൃഷി ഉപജീവനമാർഗമായി സ്വീകരിച്ചവരാണ് .
എന്നാൽ പന്നി ശല്യം കാരണം പലരും കൃഷിയിൽ നിന്ന് പിന്മാറുകയാണ്. മിക്ക കർഷകരും പണം ചെലവാക്കി പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും അവയെ തുരത്താൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. കൃഷിയിടങ്ങളിൽ ഫെൻസിങ് ഉൾപ്പെടെ നിര്‍മ്മിച്ചിട്ടും പ്രയോജനം ഉണ്ടാകുന്നില്ല. ഓരോ 5 വർഷം കഴിയുന്തോറും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ ഈ പ്രതിഷേധം അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് കർഷകർ പറയുന്നു.
മുന്നണികളുടെ പ്രകടന പത്രികകളിൽ ഈ വിഷയം പ്രധാന ചർച്ചയായി മാറി. വീടുകളിൽ വോട്ട് അഭ്യർഥിച്ച് ചെല്ലുന്ന സ്ഥാനാർഥികളും പൊതുജനങ്ങളുടെ ഈ പരാതി കേട്ട് മടുത്തു. എങ്ങനെയെങ്കിലും കാട്ടുപന്നി ശല്യത്തിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്നുള്ള പ്രധാന ആവശ്യമാണ് മിക്കവരും ഓരോ സ്ഥാനാർഥികളുടെയും മുന്നിൽ ആവശ്യപ്പെടുന്നത്. അതിനാല്‍ തങ്ങളെ വിജയിപ്പിച്ചാല്‍ പന്നി ശല്യത്തിനു ഒരു പരിഹാരമുണ്ടാക്കി തരാമെന്നാണ് മൂന്നു മുന്നണികളുടെയും വാഗ്ദാനം. എല്ലാം കാത്തിരുന്നു കാണാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.