പത്തനംതിട്ട : കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വഴിയോര കച്ചവടങ്ങൾ ജില്ലാ കളക്‌ടര്‍ താല്‍ക്കാലികമായി നിരോധിച്ചെങ്കിലും നിയമം ലംഘിച്ച് മിക്ക പ്രദേശങ്ങളിലും കച്ചവടം തുടരുകയാണ്. മല്‍സ്യം, പച്ചക്കറി, പലവ്യഞ്ജനം, പഴങ്ങള്‍ തുടങ്ങിയവയെല്ലാം നിരോധിത പട്ടികയില്‍ ഉണ്ടെങ്കിലും ഇവയുടെ വില്‍പ്പനയാണ് എങ്ങും സജീവം. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ ഉണ്ടെങ്കിലും അവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച വഴിയോര തട്ടുകടകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും സജീവമായി. ഹോട്ടലുകളില്‍ പോലും ഭക്ഷണ വിതരണം പാര്‍സലായി മാത്രമേ നല്‍കുവാന്‍ അനുവാദമുള്ളു. എന്നാല്‍ തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന താത്‌ക്കാലിക കടകൾ രോഗ വ്യാപനത്തിന് വലിയതോതില്‍ കാരണമാകുമെന്ന് അറിയാമെങ്കിലും പത്തനംതിട്ട നഗരസഭയും മൌനം പാലിക്കുകയാണ്.
സംസ്‌ഥാനത്തെ സ്‌ഥിരം ഹോട്ടലുകളും ഇതര വ്യാപാരശാലകളും കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണ കൂടങ്ങളുടെയും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യാതൊരു അനുമതിയും ഇല്ലാതെയാണ് വഴിയോര ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് . സ്‌ഥിരം സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്നും ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. വഴിയോര കച്ചവട സ്ഥാപനങ്ങളിൽ സ്‌ഥിതി വ്യത്യസ്‌തമാണ്. കൃത്യമായ മേല്‍വിലാസമോ മറ്റ് വിവരങ്ങളോ ഇവയെക്കുറിച്ച് അധികൃതരുടെ പക്കല്‍ ഉണ്ടാകാറില്ല. ഇതറിഞ്ഞുകൊണ്ടാണ് വഴിയോര കച്ചവടങ്ങളും തട്ടുകടകളും അടപ്പിച്ചത്. എന്നാല്‍ തീരുമാനം നടപ്പിലാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്.