ന്യൂഡല്‍ഹി : പതഞ്‌ജലി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനില്‍ മായമെന്ന് കണ്ടെത്തല്‍. പതഞ്ജലിയെ കൂടാതെ ഡാബര്‍, സാന്‍ഡു തുടങ്ങിയ കമ്പിനികള്‍ വില്‍ക്കുന്ന തേനിലും വ്യാപകമായി ചൈനയില്‍ നിന്നുള്ള പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്നാണ് സി.എസ്.ഇയുടെ(സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്) കണ്ടെത്തല്‍.
അതേസമയം എഫ്.എസ്.എസ്.എ.ഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും തേനില്‍ മായമില്ലെന്നും കമ്പിനികള്‍ വിശദീകരിച്ചു. പഞ്ചസാരയുടെ സിറപ്പ് ചേര്‍ത്താണ് ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം തേന്‍ വില്‍ക്കുന്നതെന്ന് സി.എസ്.ഇയുടെ പഠനത്തില്‍ വ്യക്തമായതായി ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു.
കരിമ്പ് , ചോളം, അരി, ബീട്രൂറ്റ് എന്നിവയില്‍ നിന്നുള്ള പഞ്ചസാര മധുരം കൂട്ടാനായി തേനില്‍ ചേര്‍ക്കുന്നു. പ്രത്യേക ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ ഇത് തിരിച്ചറിയാന്‍ സാധിക്കു. ചൈനീസ് പഞ്ചസാര ന്യൂക്ലിയര്‍ മാഗ്നെറ്റ് റിസോന്‍സ് ടെസ്റ്റിലാണ് കണ്ടെത്താന്‍ കഴിയുക. 13 ബ്രാന്‍ഡുകള്‍ ടെസ്റ്റ് ചെയ്തതില്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഗുണനിലവാരമുണ്ടെന്ന് കണ്ടെത്തിയത്.