പത്തനംതിട്ട : കെഎസ്ആർടിസിയുടെ പത്തനംതിട്ട- ബെംഗളൂരു ഓണം സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ ബസ് ബെംഗളൂരുവിലേയ്ക്ക് പുറപ്പെട്ടത്. തിരുവല്ല, കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴി ബെംഗളൂരുവിൽ എത്തും. അവിടെ നിന്നുള്ള ബസ് ദിവസവും വൈകിട്ട് ഏഴരയ്ക്ക് പുറപ്പെടും.
സൂപ്പർ ഡീലക്സ് ബസാണ് ഓടിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തുന്നത്. സുരക്ഷിത യാത്രയ്ക്കു വേണ്ടി ഓരോ സർവ്വീസിനു ശേഷവും അണുനശീകരണം നടത്തും. യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ഭക്ഷണം യാത്രക്കാർ കരുതണം. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ യാത്രക്കാരെ ബസിൽ കയറ്റുകയുള്ളൂ. കൈകൾ സാനിറ്റൈസ് ചെയ്യുകയും മാസ്ക് ധരിക്കുകയും ചെയ്യണം. ജീവനക്കാർ ത്രീ ലെയർ മാസ്ക്കും മുഖത്ത് ഷീൽഡും നിർബന്ധമായും ധരിച്ചിരിക്കണം.
സീറ്റ് കെ എസ് ആർ ടി സി യുടെ ഓൺലൈൻ സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. അതോടൊപ്പം എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളു. സെപ്റ്റംബർ 6 വരെയാണ് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നത്.