പത്തനംതിട്ട : കാട്ടുമൃഗങ്ങൾ തകർത്തത് ലോക്ക്ഡൗണ്‍ കാല കൃഷികൾ. മലയോര മേഖലയിൽ ഇറക്കിയ കിഴങ്ങുവർഗ കൃഷികൾ നശിപ്പിച്ചു. കാട്ടുപന്നി, കുരങ്ങ്, കാട്ടാന എന്നിവ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
ലോക്ക്ഡൗണ്‍ കാലത്ത് വിവിധ സ്ഥലങ്ങളിൽ ഇറക്കിയ മരച്ചീനി, ചേന, ചേമ്പ്, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് നശിപ്പിച്ചത്. ജില്ലയിൽ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കൃഷി ഇറക്കാനാകാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളുടെ ഭീഷണിയെ വകവെക്കാതെ ലോക്ക്ഡൗണ്‍ കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം വലിയ തോതില്‍ കൃഷി ഇറക്കിയിരുന്നു.
കാർഷിക വിളകൾ നശിപ്പിച്ചതിനൊപ്പം തെങ്ങ് ഉൾപ്പെടെയുള്ളവയ്ക്കും നാശം വരുത്തി. മലയോര മേഖലയോടു ചേർന്ന ചിറ്റാർ, സീതത്തോട്, വടശേരിക്കര, മണ്ണാരക്കുളഞ്ഞി, മൈലപ്ര, മലയാലപ്പുഴ, കോന്നി, പ്രമാടം, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിൽ കൃഷി ഇറക്കാനാകാത്ത സ്ഥിതിയുണ്ട്. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. കാട്ടുപന്നി വനമേഖല വിട്ട് നാട്ടിൻപുറങ്ങളിൽ ചേക്കേറിയിരിക്കുകയാണ്. ഇവ വ്യാപകമായി പെറ്റുപെരുകിയതോടെ കൃഷിക്കാരാണ് ദുരിതത്തിലായത്.
വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയിൽ ഇറക്കിയ കൃഷികൾ വിളവെടുപ്പിനു പാകമായപ്പോഴേക്കും കാട്ടുപന്നികൾ നശിപ്പിച്ചതായി കർഷകർ ചൂണ്ടിക്കാട്ടി. കൃഷി വിളവെടുപ്പു ഘട്ടം വരെ എത്തിക്കുന്നതിന് തങ്ങൾക്ക് വൻ തുക ചെലവഴിക്കേണ്ടി വന്നതായി കർഷകനായ ജോയി കുമ്പളാത്തമണ്‍ ചൂണ്ടിക്കാട്ടി. കാട്ടുമൃഗശല്യം ഒഴിവാക്കാൻ ഫെൻസിംഗ് അടക്കം നിർമിച്ചിരുന്നു. ഇവയെല്ലാം തകർത്താണ് കാട്ടുപന്നിക്കൂട്ടം വിഹരിക്കുന്നത്. വിളവെടുപ്പിനു പാകമായ കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. ഇതിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണ്. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇതിനുള്ള നടപടിക്രമങ്ങളും ഏറെയാണെന്ന് കർഷകർ പറയുന്നു.