കൊല്ലം : കൊല്ലത്ത് തിങ്കളാഴ്ച കൊവിഡ് മുക്തനായ ആള്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭനാണ് (73) മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹം കൊവിഡ് രോഗമുക്തനായിരുന്നു. എന്നാല്‍ രക്തത്തില്‍ ഇഎസ്ആര്‍ കൗണ്ട് കൂടിയത് ഉള്‍പ്പെടെയുള്ള മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല.
രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പദ്മനാഭനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്ത് പുളിയങ്കുടിയില്‍ പോയി മടങ്ങിയെത്തിയ 31കാരനായ യുവാവില്‍ നിന്നാണ് പദ്മനാഭന് രോഗം പടര്‍ന്നതെന്ന് കരുതുന്നത്. ഏപ്രില്‍ 29 നാണ് ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. കുളത്തൂപ്പുഴ സബ് രജിസ്ട്രാര്‍ ഓഫിസിനു സമീപം വര്‍ഷങ്ങളായി തയ്യല്‍ക്കട നടത്തി വരികയായിരുന്നു പത്മനാഭന്‍.
ഈ മാസം ഒന്നിനും രണ്ടിനും നടത്തിയ പരിശോധനകളില്‍ പത്മനാഭന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ തിങ്കളാഴ്ച കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും മാറ്റിയിരുന്നു. കൊവിഡ് രോഗം ഭേദമായെങ്കിലും ഇയാളുടെ സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും നടത്തുക.